നിലമ്പൂർ: മൈലാടി ശാന്തിഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്ന അമൽ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് നാക് അംഗീകാരം. കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ 'എ' ഗ്രേഡാണ് അമൽ കോളേജിനെ തേടിയെത്തിയത്. നാകിന്റെ പുതിയ പരിഷ്‌കാരമനുസരിച്ചുള്ള രീതിയിൽ ജില്ലയിൽ ആദ്യമാണ് ഒരു കോളേജിന് നാക് 'എ' ഗ്രേഡ് നൽകുന്നത്. ഈ മാസം 14, 15 തീയതികളിലായി നടന്ന പരിശോധനയിലാണ് ഡോ. മീന രാജീവ് ചന്ദവർക്കർ ചെയർപേഴ്‌സണും ഡോ. വെങ്കട്ട കൃഷ്ണ പരിമള മെമ്പർ കോർഡിനേറ്ററും ഡോ. പാർവതി വെങ്കിടേഷ് മെമ്പറുമായ നാക് സമിതി അംഗീകാരം നൽകിയത്. കോളേജിന്റെ അക്കാദമിക നിലവാരവും മറ്റു പഠനസൗകര്യങ്ങളും സംഘം വിലയിരുത്തി. പി.വി അബ്ദുൽ വഹാബ് എം.പി പാട്രനായുള്ള നിലമ്പൂർ മുസ്‌ലിം ഓർഫനേജ് കമ്മിറ്റിയുടെ കീഴിലാണ് 2005ൽ അമൽ കോളേജ് സ്ഥാപിതമായത്.