fff
കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാറിൽ മേഖലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.സി പത്താംതരം പരീക്ഷകളിൽ ഉന്നത വിജയം നേടിവർക്കുള്ള ഉപഹാരം എസ്.എൻ.ഡി.പി നിലമ്പൂർ യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട് സമ്മാനിക്കുന്നു. മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി ,​ വിദ്യാഭ്യാസ ട്രെയ്‌നർ ഉമ്മർ കരുവാരക്കുണ്ട് എന്നിവർ സമീപം

നിലമ്പൂർ: മാറി വരുന്ന വിദ്യാഭ്യാസ സാഹചര്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാറും കരിയർ ഗൈഡൻസ്‌ ക്ലാസും നടത്തി.ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.സി പത്താംതരം പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു.

എസ്.എൻ.ഡി.പി നിലമ്പൂർ യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. വലിയ സ്വപ്‌നങ്ങൾ കാണാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് കേരളകൗമുദി നേതൃത്വം നല്കുന്നത് അഭിമാനകരമാണെന്ന് ഗിരീഷ് മേക്കാട് പറഞ്ഞു. ഓരോ പരീക്ഷകളിലെയും ഗ്രേഡ് മാത്രമല്ല വിജയത്തിനടിസ്ഥാനമെന്ന് ഓർക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോടാവശ്യപ്പെട്ടു.

പ്രശസ്ത വിദ്യാഭ്യാസ ട്രെയ്‌നർ ഉമ്മർ കരുവാരക്കുണ്ട് ക്ലാസെടുത്തു. എ പ്ലസ് നേടുക മാത്രമാവരുത് വിദ്യാർത്ഥികളുടെ യഥാർത്ഥ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജീവിത വിജയം നേടുന്നതിന് സ്വയം പ്രാപ്തരാകുക എന്നതാണ് പ്രധാനം. ഇത് വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിലൊന്നാണ്. ഇത് തിരിച്ചറിഞ്ഞ് നേടിയെടുക്കുന്ന വിജയമാണ് സ്വപ്‌നം കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സയൻസ് മേഖലയിലെ പുതിയ വിദ്യാഭ്യാസ രീതികളിൽ ഐ.പി.ജി ഡയറക്ടർ സഹീർ ക്ലാസെടുത്തു. കേരളകൗമുദി നിലമ്പൂർ ലേഖകൻ പി.എം.രാംമോഹൻ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി നന്ദിയും പറഞ്ഞു. സീനിയർ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവുമാരായ സുബ്രഹ്മണ്യൻ, സനൂപ് , സർക്കുലേഷൻ എക്‌സിക്യുട്ടീവ് ചെറിയാൻ തുടങ്ങിയവർ നേതൃത്വം നല്കി.