മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. എ. സുരേഷ് കുമാറിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് മൂക്കിലെ ദശ നീക്കാൻ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ഏഴുവയസുകാരനെ ആളുമാറി ഹെർണിയയ്ക്കുള്ള ഓപ്പറേഷന് വിധേയനാക്കിയത്. കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് ഡാനിഷിനാണ് ദുരവസ്ഥയുണ്ടായത്. മണ്ണാർക്കാട് സ്വദേശി ആറുവയസുകാരൻ ധനുഷിന് നടത്തേണ്ട ഓപ്പറേഷനാണ് ഡാനിഷിന് നടത്തിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികളുടെ കൈയിലെ ടാഗിൽ എഴുതിയ പേരിൽ സാമ്യം വന്നതാണ് പിഴവിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
രോഗിയുടെ ജീവൻ വച്ച് പന്താടുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസുകാരന് സൗജന്യ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് നിർദ്ദേശിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.