തിരൂരങ്ങാടി: ആറരലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തി ഓടിയ ബെൻസ് കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. 24 ലക്ഷത്തിന് ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് കോട്ടയ്ക്കൽ പറപ്പൂർ സ്വദേശി വാങ്ങിയതാണ് കാർ. എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്ത കാർ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. നികുതി അടച്ചാലേ വിട്ടു കൊടുക്കൂ. കോട്ടയ്ക്കൽ സ്വാഗതമാട് വച്ചാണ് ബെൻസ് കാർ കസ്റ്റഡിയിലെടുത്തത്. സ്വാഗതമാട്, കോട്ടയ്ക്കൽ, പൊന്മള ,ചങ്കുവെട്ടി, എടരിക്കോട്, പൂക്കിപറമ്പ് എന്നീ മേഖലകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ഉപയോഗിക്കാത്ത 68 പേരടക്കം 161 കേസുകളിലായി 1,48,950രൂപ പിഴയീടാക്കി.
ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി.ജി.. ഗോകുലിന്റെ നിർദ്ദേശപ്രകാരം എം.വി.ഐ വി.ഐ അസീം, എ.എം.വി. ഐമാരായ ബിജുലാൽ വാലേരി, പി.കെ. സെയ്ദ് മുഹമ്മദ്, കെ. അജയൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 17 വാഹനങ്ങൾ ഇത്തരത്തിൽ കർശന നിരീക്ഷണത്തിലാണെന്നും രേഖകൾ ശരിയായാലുടൻ കസ്റ്റഡിയിൽ എടുക്കുമെന്നും എൻഫോഴ്സ്മെന്റ് വിഭാഗം അധികൃതർ പറഞ്ഞു.