മലപ്പുറം: ഒരുമാസത്തെ കാത്തിരിപ്പിന് ശേഷം ജനഹിതം ഇന്ന് പുറത്തുവരാനിരിക്കെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമായി മുന്നണികളും രാഷ്ട്രീയപാർട്ടികളും. കോട്ടകളായ മലപ്പുറവും പൊന്നാനിയും കൈവിടില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്. ദേശീയ രാഷ്ട്രീയ സാഹചര്യവും വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യവും വിവിധ സമുദായ സംഘടനകളുടെ അനുകൂല നിലപാടും ഗുണം ചെയ്തെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. അതേസമയം പൊന്നാനിയിൽ മാറ്റമുണ്ടാവാനുള്ള സാദ്ധ്യതകളിലേക്കാണ് സി.പി.എം വിരൽചൂണ്ടുന്നത്. ഉയർന്ന പോളിംഗ് അനുകൂലമാവും. സ്ഥാനാർത്ഥിയോട് അവർക്കിടയിൽ തന്നെയുള്ള കടുത്ത അതൃപ്തി വോട്ടിൽ പ്രതിഫലിക്കും. ഇടതുസർക്കാരിന്റെ ജനോപകാരപ്രദമായ ഭരണത്തിനും വർഗീയ വിരുദ്ധ നിലപാടുകൾക്കുമുള്ള അംഗീകാരവുമാവും ഫലമെന്ന് സി.പി.എം നേതൃത്വം പറയുന്നു.
ശബരിമലയിലെ സർക്കാർ നിലപാടിനെതിരെയുള്ള വിശ്വാസികളുടെ വികാരം വോട്ടിൽ പ്രതിഫലിക്കുമെന്ന കണക്കൂകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിവോട്ട് നേടുമെന്നാണ് ആത്മവിശ്വാസം. ലീഗുമായുള്ള രഹസ്യചർച്ചാ വിവാദത്തിലകപ്പെട്ട എസ്.ഡി.പി.ഐ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം വർദ്ധിക്കുമെന്നാണ് അവകാശപ്പെടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസിയെയാണ് രംഗത്തിറക്കിയത്. മഅ്ദനി അനുകൂലവികാരം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ പി.ഡി.പിയും രംഗത്തുണ്ട്.
ജില്ല അടുത്തിടെയൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം ആവേശമേറിയ തിരഞ്ഞെടുപ്പിനായിരുന്നു പൊന്നാനി സാക്ഷ്യം വഹിച്ചത്. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി.അൻവർ രംഗത്തുവന്നതോടെ ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീറിന് വലിയ വെല്ലുവിളിയാണുയർത്തിയത്. ഒരുഘട്ടത്തിൽ ലീഗിന്റെ ആത്മവിശ്വാസം തകർക്കുംവിധം പ്രചാരണത്തിൽ പി.വി. അൻവറിന് മുന്നേറാനായി. പോളിംഗിന് ശേഷവും പൊന്നാനി പിടിച്ചെടുക്കുമെന്ന സി.പി.എമ്മിന്റെ അവകാശവാദം നിലനിൽക്കെ ഘടകകക്ഷിയായ സി.പി.ഐക്കെതിരെ പി.വി. അൻവർ നടത്തിയ ആരോപണങ്ങളുടെ നിജസ്ഥിതിയും ഇന്ന് വെളിപ്പെടും. ലീഗ് - കോൺഗ്രസ് ബന്ധത്തിലെ വിള്ളലുകൾ തീർക്കാനായോയെന്നതിലും ഉത്തരം ലഭിക്കും. രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യം ഇരുപാർട്ടികൾക്കുമിടയിലെ വിള്ളൽ കുറച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്. കാര്യങ്ങൾ മറിച്ചെങ്കിൽ ജില്ലയിൽ കോൺഗ്രസ്- ലീഗ് ബന്ധത്തിലെ വലിയ അകൽച്ചയ്ക്കും വഴിവച്ചേക്കും. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ഇടതുസ്ഥാനാർത്ഥി വി.പി. സാനു മികച്ച മത്സരം കാഴ്ച്ചവെച്ചിട്ടുണ്ട്. യുവവോട്ടുകളെ സാനു സ്വാധീനിക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിന് 70,000ത്തിനും 75,000ത്തിനും ഇടയിൽ വോട്ട് ലഭിക്കുമെന്നാണ് ലീഗ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. പോളിംഗിന് മുമ്പ് നിലവിലെ ഭൂരിപക്ഷം ഇരട്ടിയാകുമെന്നും അരലക്ഷത്തിന് താഴെ ഭൂരിപക്ഷം ലഭിക്കുമെന്നുമായിരുന്നു ലീഗിന്റെ അവകാശവാദം. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി 2.10 ലക്ഷം മുതൽ രണ്ടര ലക്ഷം വരെ വോട്ടുകൾക്ക് വിജയിക്കുമെന്നുമാണ് ലീഗിന്റെ കണക്കുകൂട്ടൽ. അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണത്തെയത്ര ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. പൊന്നാനിയിൽ പി.വി.അൻവർ 35,000 വോട്ടിന് പരാജയപ്പെടുമെന്ന റിപ്പോർട്ട് സംസ്ഥാനസമിതിക്ക് നൽകിയെന്ന പ്രചാരണം സി.പി.എം ജില്ലാ നേതൃത്വം നിഷേധിച്ചിട്ടുണ്ട്.
കുറഞ്ഞ ഭൂരിപക്ഷത്തിനെങ്കിലും അട്ടിമറി വിജയമുണ്ടാവുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.