മലപ്പുറം: ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട് ലോക്സഭ മണ്ഡലങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തിയ 25,17,892 വോട്ടർമാരുടെ തീരുമാനം ഇന്നറിയും. ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ ഹാളുകളിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചന എട്ടരയോടെ ലഭിക്കും. വയനാട് ലോക്സഭ മണ്ഡലത്തിൽപ്പെട്ട മൂന്ന് നിയമസഭ മണ്ഡലങ്ങളും ജില്ലയിലാണ്. ഇവിടെ 4,67,775 വോട്ടർമാരാണുള്ളത്.
മലപ്പുറം മണ്ഡലത്തിന്റെ വോട്ടുകൾ മലപ്പുറം ഗവൺമെന്റ് കോളേജിലും പൊന്നാനി മണ്ഡലത്തിന്റെ വോട്ടുകൾ സെന്റ് ജെമ്മാസ് എച്ച്.എസ്.എസിലും, എം.എസ്.പി എച്ച്.എസ്.എസിലുമാണ് എണ്ണുക. തിരൂരങ്ങാടി, തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളുടെ വോട്ടുകൾ എം.എസ്.പി എച്ച്.എസ്.എസിലും താനൂർ, തിരൂർ, കോട്ടയ്ക്കൽ മണ്ഡലങ്ങളിലെ വോട്ടുകൾ സെന്റ് ജെമ്മാസ് എച്ച്.എസ്.എസിലുമാണ് എണ്ണുന്നത്. വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നിലമ്പൂർ ഗവൺമെന്റ് മാനവേദൻ ജി.എച്ച്.എസിൽ നടക്കും.
രാവിലെ ഏഴരയ്ക്ക് സ്ട്രോംഗ് റൂമിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ അതത് വോട്ടെണ്ണൽ ഹാളിലേക്കു മാറ്റും. തുടർന്നാണ് വോട്ടെണ്ണൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒപ്പം സർവീസ് വോട്ടുകളുടെ സ്കാനിംഗും ആരംഭിക്കും. തുടർന്ന് ഇ.വി.എം വോട്ടുകൾ എണ്ണിത്തുടങ്ങും.
ജില്ലയിലെ ആകെ 1061 സർവ്വീസ് വോട്ടുകളിൽ 643 എണ്ണമാണ് ഇന്നലെ വരെ വരണാധികാരിക്ക് ലഭിച്ചത്. ഇതിൽ 400 വോട്ടുകൾ മലപ്പുറം മണ്ഡലത്തിലേതും 243 എണ്ണം പൊന്നാനി മണ്ഡലത്തിലേതുമാണ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ നിന്നായി ലഭിക്കേണ്ട സർക്കാർ ജീവനക്കാരുടെ 2834 പോസ്റ്റൽ വോട്ടുകളിൽ 2,023 എണ്ണമാണ് ലഭിച്ചത്. മലപ്പുറം മണ്ഡലത്തിലെ ആകെ 1856 പോസ്റ്റൽ വോട്ടുകളിൽ 1290 വോട്ടുകളും പൊന്നാനി മണ്ഡലത്തിലെ 978 പോസ്റ്റൽ വോട്ടുകളിൽ 733 എണ്ണവുമാണ് ഇതുവരെയായി ലഭിച്ചത്.
85 വി.വി പാറ്റുകൾ എണ്ണും
വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷം വി.വി പാറ്റുകളിലെ പേപ്പർസ്ലിപ്പുകൾ എണ്ണാൻ തുടങ്ങും. മലപ്പുറം, പൊന്നാനി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ ഉൾപ്പടെ 85 വി.വി പാറ്റുകൾ നാലു കേന്ദ്രങ്ങളിലായി എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണുക. കൗണ്ടിംഗ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്നാണ് വി.വി പാറ്റ് കൗണ്ടിംഗ് ബൂത്തായി ക്രമീകരിച്ചിട്ടുള്ളത്.
വി.വി പാറ്റ് സ്ലിപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ പുറത്തെടുത്ത് വേർതിരിച്ച ശേഷമായിരിക്കും എണ്ണുക. ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ വേർതിരിച്ച ശേഷം 25 എണ്ണം വീതമുള്ള കെട്ടുകളാക്കി മാറ്റും. ഇതിന് ശേഷമാണ് എണ്ണൽ തുടങ്ങുക. എണ്ണിക്കഴിഞ്ഞാൽ ഇവ തിരിച്ച് വിവി പാറ്റ് പെട്ടിയിൽ തന്നെ ഇട്ട് സീൽ ചെയ്യും.
വോട്ടെണ്ണലിന് വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ് മാത്രം മതി. സുവിധ പോർട്ടൽ വഴിയാണ് ഡാറ്റ എൻട്രി നടത്തുക. ലോക്സഭ മണ്ഡലം സഹവരണാധികാരിക്കും നിയോജക മണ്ഡലം വരണാധികാരിക്കും മാത്രമാണ് സുവിധ ആപ്പിൽ ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ അനുവാദമുള്ളത്. നിയോജക മണ്ഡലം തിരിച്ചുള്ള ഓരോ റൗണ്ടിലെയും ഡേറ്റയാണ് അപ്ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂർത്തിയാകുമ്പോൾ ഫലം പ്രിന്റ് ഔട്ട് എടുക്കും. സുവിധയിൽ ഡാറ്റ എൻട്രി നടത്തിയ ശേഷം ഫലം പ്രഖ്യാപിക്കും.
ഫലമറിയാൻ ആപ്പ്
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ഹെൽപ്പ്ലൈൻ മൊബൈൽ ആപ്പ് വഴി തത്സമയം ഫലമറിയാം. നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ വിവരങ്ങൾ ലഭ്യമായിത്തുടങ്ങും. സംസ്ഥാനങ്ങളെ വേർതിരിച്ചും സ്ഥാനാർത്ഥിയെക്കുറിച്ചും പ്രത്യേകമായി അറിയാൻ ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വോട്ടർ ഹെൽപ്പ് ലൈൻ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. കൂടാതെ results.eci.gov.in എന്ന വെബ് സൈറ്റിലും ഡിസ്പ്ലേ ബോർഡിലും ഒരേ സമയം ഫലങ്ങൾ ദൃശ്യമാകും. പോസ്റ്റൽ വോട്ടുകളുടെ ഡാറ്റ എൻട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. വരണാധികാരിയാണ് ഫലം പ്രഖ്യാപിക്കുക.
വോട്ടെണ്ണൽ കഴിഞ്ഞ ശേഷം സീൽ ചെയ്ത മെഷീനുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ മൂന്ന് വെയർ ഹൗസുകളിലേക്ക് മാറ്റും.