മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറുമായും ആശയവിനിമയം നടത്തി. ജില്ലയിൽ പൊതുവായ സുരക്ഷയ്ക്കായി 800 ഓളം സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് കമ്പനി ബി.എസ്.എഫ് ഉദ്യോഗസ്ഥരെയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
കൗണ്ടിംഗ് സെന്റർ പ്രവേശനകവാടത്തിൽ നിയമന ഉത്തരവ് വച്ച് പൊലീസ് പരിശോധന നടത്തും. കൂടാതെ കൗണ്ടിംഗ് സെന്ററിന് മുന്നിൽ സി.ആർ.പി.എഫ് പരിശോധനയും കൗണ്ടിങ് ഹാളിൽ പ്രവേശിക്കുന്നതിനു മുമ്പായി വീണ്ടും പരിശോധന നടത്തും.
വോട്ടെണ്ണൽ കേന്ദ്രത്തിലെ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ റെക്കോർഡ് ചെയ്യണമെന്ന് പൊലീസ് മേധാവിക്ക് മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരായി പദ്മ ജയ്സ്വാൾ , ചന്ദ്രകാന്ത് ഐക് , രാംയാഗ്യ മിശ്ര, നിലയ് സത്ഭയ, വിവേക് മഹാജൻ, കിഷോർ കുമാർ കന്യാൽ, സുനിൽ വർമ്മ തുടങ്ങിയവർ നിരീക്ഷണത്തിനായി എത്തിയിട്ടുണ്ട്.
• വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ചീഫ് കൗണ്ടിംഗ്് ഏജന്റ്, തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്കേ പ്രവേശനമുള്ളൂ. വോട്ടെണ്ണലിന് പ്രത്യേകമായി ഇലക്ഷൻ കമ്മിഷൻ നൽകിയ ഐ.ഡി കാർഡുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ
• ആഹ്ലാദ പ്രകടനങ്ങളും ആളുകൾ കൂട്ടം കൂടിനിൽക്കുന്നതും കൗണ്ടിംഗ് കേന്ദ്രത്തിന്റെ ഗേയ്റ്റിന്റെ പുറത്തു നിശ്ചിത അകലത്തിൽ മാത്രമായിരിക്കണം.
• ഒരോ മണ്ഡലത്തിലെ ഹാളിലും നിയോഗിച്ചിട്ടുള്ള ടെക്നിക്കൽ സ്റ്റാഫിന് മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് പ്രത്യേക ലാൻഡ് ഫോൺ സൗകര്യം ഒരുക്കിയിട്ടുണ്ട്.
• തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച ഔദ്യോഗിക വാഹനപാസ്സുള്ള വാഹനങ്ങൾക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം വാഹനങ്ങൾ പാർക്ക് ചെയ്യണം.
• വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിച്ച് പുറത്തിറങ്ങുന്നവർ തിരികെ കേന്ദ്രത്തിൽ പ്രവേശിക്കണമെങ്കിൽ വീണ്ടും സുരക്ഷാ പരിശോധനകൾക്ക് വിധേയരാകണം.