മലപ്പുറം ലോക്സഭ മണ്ഡലം
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)
മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായിരിക്കെ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017ലെ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറം പാർലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയായി. രണ്ടാംമൂഴം തേടി വീണ്ടും അങ്കത്തട്ടിലിറങ്ങി. ലീഗിന്റെ അമരക്കാരന് രണ്ട് ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ലീഗ് ലക്ഷ്യമിട്ടത്. ഏഴ് തവണ അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെയും നാല് മന്ത്രിസഭകളിൽ വ്യവസായ വകുപ്പ് മന്ത്രിയായതിന്റെയും അനുഭവ സമ്പത്തുണ്ട്. ഇതും പൊതുസ്വീകാര്യതയും തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലീഗ്. അതേസമയം ലോക്സഭയിലെ ഹാജർ നിലയും എതിരാളി യുവസ്ഥാനാർത്ഥിയെന്നതും ഏതുതരത്തിൽ പ്രതിഫലിച്ചെന്നതും ഇന്നറിയാം.
വി.പി. സാനു
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയാണ് മുപ്പതുകാരനുമായ വളാഞ്ചേരി സ്വദേശി വി.പി. സാനു. ബാലസംഘത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തി എസ്.എഫ്.ഐയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചു. 2015ൽ സംസ്ഥാന പ്രസിഡന്റായി. 2016 ജനുവരിയിൽ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റുമായി. യുവവോട്ടർമാരെ സ്വാധീനിക്കാൻ കലാലയങ്ങൾ കേന്ദ്രീകരിച്ച് വലിയ പ്രചാരണ പ്രവർത്തനങ്ങളാണ് സാനു നടത്തിയത്. യുവസ്ഥാനാർത്ഥിയെന്ന പരിവേഷവും പ്രചാരണത്തിലെ യുവസാന്നിദ്ധ്യവും അനുകൂലഘടകങ്ങളാണ്. അതേസമയം എതിർപക്ഷത്ത് കരുത്തനായ സ്ഥാനാർത്ഥിയെന്നത് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
വി.ഉണ്ണികൃഷ്ണൻ(എൻ.ഡി.എ)
തിരുനാവായ ചേരൂരാൽ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനും 53കാരനുമായ വി. ഉണ്ണികൃഷ്ണൻ മികച്ച പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നു. എ.ബി.വി.പിയുടെയും എൻ.ടി.യുവിന്റെയും അമരക്കാരനായി പ്രവർത്തിച്ച ഉണ്ണിക്കൃഷ്ണൻ ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ്. ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ നിലപാടിനെടിരെയുള്ള വിശ്വാസി വികാരം അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ്.
പൊന്നാനി ലോക്സഭ മണ്ഡലം
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്)
73കാരനായ ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ മൂന്നാംഅങ്കത്തിനാണ് ഇറങ്ങിയത്. 2009ലും 2014ലും പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കടുത്ത മത്സരമാണ് ഇത്തവണ അരങ്ങേറിയത്. പ്രചാരണ രംഗത്ത് തുടക്കത്തിലുണ്ടായ വേഗക്കുറവ് മറികടക്കാനായതും എതിർസ്ഥാനാർത്ഥിക്ക് നേരെ ഉയർന്ന ആരോപണങ്ങളും ഇടതുപക്ഷത്തിനുള്ളിലെ അസ്വാരസ്യങ്ങളും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്. മുത്തലാഖ് ബില്ലിലടക്കം പാർലമെന്റിൽ ശക്തമായ നിലപാടുകളെടുത്തതും ഇ.ടിക്ക് പ്രതീക്ഷയേകുന്നു. അതേസമയം യു.ഡി.എഫിനുള്ളിൽ തന്നെയുള്ള എതിർപ്പും ഇ.ടിയുടെ നിലപാടുകളും കോൺഗ്രസ് -ലീഗ് പോരും മുന്നിൽ ഭീഷണിയായുണ്ട്.
പി.വി. അൻവർ (ഇടതുസ്വതന്ത്രൻ)
നിലമ്പൂരിലെ എം.എൽ.എയും വ്യവസായിയുമാണ് 53കാരനുമായ പി.വി. അൻവർ. കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം. 2011ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ നിന്ന് ലീഗിലെ പി.കെ. ബഷീറിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തി. 2014 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്വതന്ത്രനായി മത്സരിച്ചു. 2016ൽ ഇടത് സ്വതന്ത്രനായ അൻവർ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ തോല്പിച്ചു. ഈ കരുത്തുമായാണ് പൊന്നാനിയിലെ അങ്കത്തട്ടിൽ പി.വി.അൻവറെത്തിയത്. പ്രചാരണത്തിന്റെ തുടക്കത്തിലെ ആവേശം അവസാനം വരെ പിടിച്ചുനിറുത്താനായില്ലെന്നതാണ് അൻവറിന് വെല്ലുവിളി.
പ്രൊഫ. വി.ടി. രമ (എൻ.ഡി.എ)
പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടി കല്ലടത്തൂർ സ്വദേശിയും പട്ടാമ്പി സംസ്കൃത കോളേജിലെ വൈസ് പ്രിൻസിപ്പലുമായിരുന്ന വി.ടി. രമ ശബരിമല പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ കൂടിയായ വി.ടി. രമയുടെ പ്രചാരണങ്ങളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പരാഗത വോട്ടിനൊപ്പം സ്ത്രീവോട്ടുകൾ കൂടുതലായി ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് വി.ടി. രമ.