മഞ്ചേരി:വിവാഹ വാഗ്ദാനം നൽകി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പ്രത്യേക പോക്സോ കോടതി പരിഗണിച്ചു. ജാമ്യ ഹർജിയിൽ കൂടുതൽ വാദം കേൾക്കാൻ കേസ് ഈ മാസം 30ലേക്കു മാറ്റി.തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീനെതിരെയാണ് വളാഞ്ചേരി പൊലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്. വളാഞ്ചേരി നഗരസഭയിലെ 32ാം ഡിവിഷനിലെ ഇടതു സ്വതന്ത്ര കൗൺസിലറായ പ്രതിക്കു വേണ്ടി അഡ്വ. ബി.എ. ആളൂരാണ് മഞ്ചേരി പ്രത്യേക പോക്സോ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി പ്രതി ഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ടു. പരാതിക്കാരുടെ വാദംകൂടി കേൾക്കണമെന്നതിനാൽ കോടതി കേസ് ഈ മാസം 30ലേക്ക് മാറ്റി. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്സോ കേസിൽ ഉൾപെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.