മലപ്പുറം: വയനാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഭിച്ച സംസ്ഥാന ചരിത്രത്തിലെ റെക്കാഡ് ഭൂരിപക്ഷത്തിൽ ജില്ലയുടെയും കൈയൊപ്പ്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽഗാന്ധിക്ക്. വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്ന് വലിയ ഭൂരിപക്ഷമാണ് രാഹുൽഗാന്ധിക്ക് ലഭിച്ചത്. എ.പി. അനിൽകുമാറിന്റെ വണ്ടൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. 69,555. ഇവിടെ നിന്ന് ആകെ 111948 വോട്ട് രാഹുലിന് ലഭിച്ചപ്പോൾ സി.പി.ഐയുടെ പി.പി. സുനീറിന് 42,393 വോട്ടാണ് ലഭിച്ചത്. എൻ.ഡി.എയുടെ തുഷാർ വെള്ളാപള്ളിക്ക് 8,301 വോട്ടും എസ്.ഡി.പി.ഐയുടെ ബാബു മണിക്ക് 1005 വോട്ടും ലഭിച്ചു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ തട്ടകമായിരുന്ന നിലമ്പൂരിൽ നിന്ന് 61,660 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ആകെ 1,03,862 വോട്ട് രാഹുലിനും 42,203 വോട്ട് പി.പി. സുനീറിനും ലഭിച്ചു. തുഷാർ വെള്ളാപള്ളിക്ക് ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും നിലമ്പൂരിൽ നിന്നാണ്- 10,749. മുസ്ലിം ലീഗിന്റെ ഏറനാട്ടിൽ നിന്നും 56,527 വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിച്ചിട്ടുണ്ട്. പി.പി. സുനീറിന് 36,382 വോട്ടും തുഷാർ വെള്ളാപള്ളിക്ക് 6,133 വോട്ടും ലഭിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണലിന്റെ തുടക്കം മുതൽ രാഹുൽ ഗാന്ധിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്.