മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും ഇടതുകേന്ദ്രങ്ങളിലടക്കം വലിയ ആധിപത്യം പുലർത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം. തുടക്കം മുതൽ ഒടുക്കം വരെ ഒരു നിയോജക മണ്ഡലങ്ങളിലും ലീഡ് നിലനിറുത്താൻ ഇടതു സ്ഥാനാർത്ഥികൾക്കായില്ല. യു.ഡി.എഫിനായി ഇ.ടി. മുഹമ്മദ് ബഷീറും എൽ.ഡി.എഫിനായി പി.വി. അൻവറും മത്സരിച്ച പൊന്നാനിയിലാണ് ഇടതുപക്ഷത്തിന് കൂടുതൽ തിരിച്ചടിയേറ്റത്. ഇടതിന്റെ കൈവശമുള്ള പൊന്നാനി, തവനൂർ, താനൂർ നിയോജകമണ്ഡലങ്ങളിൽ ഇ.ടി.മുഹമ്മദ് ബഷീറിന് വലിയ ലീഡാണ് ലഭിച്ചത്. നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള തൃത്താല നിയോജകമണ്ഡലം, ലോക്സഭ തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതിനെയാണ് തുണക്കാറെങ്കിൽ ഇത്തവണ തൃത്താലയും കൈവിട്ടു. ലീഗ്-സി.പി.എം പ്രവർത്തകർ തമ്മിൽ നിരന്തരം രാഷ്ട്രീയ സംഘർഷങ്ങളുണ്ടാവുന്ന താനൂരിൽ നിന്ന് മുപ്പതിനായിരം വോട്ടിന്റെ ലീഡാണ് ഇ.ടിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം വലിയ തോതിൽ ഇടിച്ച വി.അബ്ദുറഹിമാന്റെ തട്ടകം കൂടിയാണിത്. താനൂരിൽ ഇ.ടിക്ക് 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ പി.വി. അൻവറിന് ആകെ 43,000 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിക്ക് 15,000ത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐയെക്കാൾ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് ലഭിച്ച മണ്ഡലം കൂടിയാണിത്.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്നാണ് ഇ.ടി മുഹമ്മദ് ബഷീറിന് കൂടുതൽ ഭൂരിപക്ഷം. 47,000 വോട്ട്. തൊട്ടുപിന്നിലായി 42,000 വോട്ടുമായി കോട്ടയ്ക്കലുണ്ട്. തിരൂരിൽ നിന്ന് 35,500ഓളം വോട്ട് നേടി. മന്ത്രി കെ.ടി ജലീലിന്റെ മണ്ഡലമായ തവനൂരിൽ 12,000ത്തിൽപരം വോട്ടിന്റെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പൊന്നാനിയിൽ പതിനായിരത്തോളം വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു. വി.ടി. ബൽറാമിന്റെ തൃത്താലയിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം. 8,404 വോട്ട്. ബി.ജെ.പി സ്ഥാനാർത്ഥി വി.ടി. രമ ഏറ്റവും കൂടുതൽ വോട്ട് നേടിയ മണ്ഡലവുമിതാണ്. 20,000 വോട്ട്. പൊന്നാനിയിലും പതിനേഴായിരത്തിൽപരം വോട്ട് നേടിയിട്ടുണ്ട്. 1,10,186 വോട്ടാണ് ബി.ജെ.പി മൊത്തം നേടിയത്. പി.ഡി.പി സ്ഥാനാർത്ഥി പൂന്തുറ സിറാജിന് യാതൊരു ചലനങ്ങളുമുണ്ടാക്കാനായില്ല. നോട്ടയ്ക്ക് പിന്നിലാണ് സ്ഥാനം. ഇരുമുന്നണികളുടെ സ്ഥാനാർത്ഥികൾക്കും അപരന്മാരുണ്ടായിരുന്നെങ്കിലും കാര്യമായ വോട്ട് ചോർച്ചയുണ്ടാക്കിയിട്ടില്ല.
മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ വേങ്ങരയിലാണ് കുഞ്ഞാലിക്കുട്ടിക്ക് കൂടിയ ഭൂരിപക്ഷം ലഭിച്ചത് 51,888. തൊട്ടുപിന്നാലെ 43,000ത്തോളം വോട്ടുകളുമായി മലപ്പുറമുണ്ട്. ഇടതുപക്ഷത്തിന് സ്വാധീനമുള്ള പെരിന്തൽമണ്ണയിൽ 23,000, മങ്കട - 35,000, വള്ളിക്കുന്ന് - 29,500 എന്നിങ്ങനെ വലിയ ഭൂരിപക്ഷം ലഭിച്ചു. മഞ്ചേരി - 35,000, കൊണ്ടോട്ടി - 39,000 എന്നിങ്ങനെയാണ് കുഞ്ഞാലിക്കുട്ടിയുടെ ലീഡ്. ഒരിടത്ത് പോലും മുന്നേറ്റമുണ്ടാക്കാൻ ഇടതുസ്ഥാനാർത്ഥിയായ വി.പി. സാനുവിന് കഴിഞ്ഞില്ല. എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ വോട്ട് വിഹിതം 20,000ത്തിലധികം വർദ്ധിപ്പിച്ചിട്ടുണ്ട്. 82,023 വോട്ടാണ് നേടിയത്. 21,802 വോട്ടുമായി വള്ളിക്കുന്നാണ് മുന്നിൽ. കൊണ്ടോട്ടി- 13,832, മഞ്ചേരി- 11,531, പെരിന്തൽമണ്ണ - 9,851, മങ്കട - 16,160, വേങ്ങര - 7,504, മലപ്പുറം - 7347 എന്നിങ്ങനെയാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ട്.