പൊന്നാനി: മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് പൊന്നാനിയെന്ന് തെളിയിച്ച് മൂന്നാം വട്ടവും ഇ ടി മുഹമ്മദ് ബഷീർ പാർലമെന്റിലേക്ക്. വോട്ടെണ്ണലിന്റെ മുഴുവൻ ഘട്ടങ്ങളിലും വ്യക്തമായ മുന്നേറ്റം സാദ്ധ്യമാക്കിയ ഇ.ടി. പഴുതടച്ച വിജയമാണ്സ്വന്തമാക്കിയത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും കരുത്ത് തെളിയിച്ചായിരുന്നു വമ്പൻ ലീഡിലേക്കുള്ള ഇ.ടിയുടെ പ്രയാണം. കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ നിന്നും അടിയൊഴുക്കുകൾപ്രതീക്ഷിച്ചാണ് പഴയ കോൺഗ്രസുകാരനായ പി.വി. അൻവറിനെ നിലമ്പൂരിൽ നിന്നും പൊന്നാനിയിലേക്ക് കൊണ്ടുവന്നത്. തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു അൻവറിന്റെ പ്രചാരണ തുടക്കം. എന്നാൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തോടെ ഈ മുന്നേറ്റത്തിന് ഇടിവ് സംഭവിച്ചു. രാഹുലിന് വയനാട്ടിൽ ജയിക്കണമെങ്കിൽ മുസ്ലിംലീഗിന്റെ സഹായം അനിവാര്യമായതിനാൽ കോൺഗ്രസ് നേതൃത്വം ശക്തമായി താഴേത്തട്ടിലടക്കം ഇടപെട്ടു. വർഷങ്ങളായി ലീഗും കോൺഗ്രസും തമ്മിൽ വേറിട്ട് നിന്നിരുന്ന പ്രദേശങ്ങളിൽ പോലും ഐക്യം ദൃശ്യമായി. പിന്നീടങ്ങോട്ട് എല്ലാം ഇ.ടിയുടെ വഴിയേ നീങ്ങുന്നതാണ് കണ്ടത്. കോൺഗ്രസ് അണികളെ ലക്ഷ്യമിട്ട് , രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തിയേകാനാണ് ഡൽഹിയിലേക്ക് പോകുന്നതെന്ന് പ്രസംഗിച്ചിരുന്ന പി.വി. അൻവറിന് കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം സുദൃഢമായത് വലിയ തിരിച്ചടിയായി. ലീഗിനെ എതിർത്തിരുന്ന മുസ്ലിം സംഘടനകൾ പോലും ഇത്തവണ അനുകൂല നിലപാട് സ്വീകരിച്ചത് ഇ.ടിയുടെ വിജയത്തിന്റെ മാറ്റ് കൂട്ടി. ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് വേണ്ടി പ്രത്യക്ഷമായി രംഗത്തിറങ്ങി. എസ്.ഡി.പി.ഐയുടെ സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നല്ല തോതിൽ വോട്ടുകുറഞ്ഞു. ഇതെല്ലാം അന്തിമമായി ഇ.ടിക്ക് ഗുണം ചെയ്തു. 2014ലെ തിരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവും 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സാദ്ധ്യമാക്കിയ മേൽക്കൈയുമാണ് ഇടതുപക്ഷത്തിന് പൊന്നാനിയിൽ പ്രതീക്ഷ വർദ്ധിപ്പിച്ചത്. കണക്കുകളും അടിയൊഴുക്കും പൊന്നാനിയെ അട്ടിമറിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ ഇ.ടിയുടെ പരിചയസമ്പന്നതയും പൊതു സ്വീകാര്യതയും ഇടതു പ്രതീക്ഷകളെ തകിടം മറിച്ചു. നേരത്തെ ല