മലപ്പുറം: ജില്ലയിൽ ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ തദ്ദേക സ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ നിർമ്മാർജ്ജനത്തിന് വിപുലമായ പദ്ധതിയൊരുങ്ങുന്നു. 94 ഗ്രാമപഞ്ചായത്തുകൾക്ക് പെർഫോമൻസ് ഇൻസെന്റീവ് ഗ്രാന്റായി 6.10 കോടി രൂപയും സ്വച്ഛ് ഭാരത് മിഷൻ വിഹിതമായി ഒമ്പത് കോടി രൂപയും ചേർന്ന് ആകെ 15.10 ഇതിനകം അനുവദിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 10 ശതമാനം വിഹിതവും ഹരിതകേരളംശുചിത്വ മിഷൻ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാം.
വേൾഡ് ബാങ്ക് വിഹിതത്തിലെ 30 ശതമാനം തുക ലൈഫ് പദ്ധതിയിലെ ബി.പി.എൽ, എസ്.സി, എസ്.ടി ഗുണഭോക്താക്കൾക്ക് ഗാർഹിക ടോയ്ലറ്റ് നിർമ്മാണത്തിന് ഉപയോഗിക്കാം. 15,400 രൂപയാണ് യൂണിറ്റ് കോസ്റ്റ്. 12,000 രൂപ ശുചിത്വ മിഷൻ വിഹിതമായി നീക്കി വെക്കാം. ബി.പി.എൽ കുടുംബാംഗങ്ങളുടെ ടോയ്ലറ്റിന്റെ മാലിന്യ സംസ്കരണ ഭാഗം മെച്ചപ്പെടുത്തി സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നതിനോ ഒറ്റക്കുഴി ഇരട്ടക്കുഴി ആക്കുന്നതിനോ 9,240 രൂപ മാറ്റി വെയ്ക്കാം. 5,000 രൂപ ശുചിത്വ മിഷൻ വിഹിതമായി നീക്കിവെക്കാം.
കൂടാതെ കമ്മ്യൂണിറ്റി/ പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനും എയ്ഡഡ് ഉൾപ്പെടെ വിദ്യാലയങ്ങൾക്ക് സ്കൂൾ ടോയ്ലറ്റ് നിർമ്മിക്കുന്നതിനും (യൂണിറ്റ് നിരക്ക് 2.6 ലക്ഷം.) ഒരു വർഷത്തിൽ കൂടുതലായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവയും തുടരാൻ സാധ്യതയുള്ളതുമായ അങ്കണവാടികൾക്കും ശൗചാലയം നിർമ്മിച്ച് നൽകാം (യൂണിറ്റ് നിരക്ക്. 20,000).
പൊതു ഖര ദ്രവ മാലിന്യ പ്ലാന്റുകളും (കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റുകളും) മാനദണ്ഡങ്ങൾക്ക് വിധേയമായി സ്ഥാപിക്കാം. കിട്ടിയ തുകയുടെ അഞ്ചു ശതമാനം ഐ.ഇ.സി പ്രവർത്തനത്തിനും വിനിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമേതുമില്ലാതെ സ്വച്ഛ് ഭാരത് മിഷന്റെ 100 ശതമാനം തുകയും ഉപയോഗിച്ച് തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിങ് സംവിധാനം, അജൈവ പാഴ്വസ്തു ശേഖരണ കേന്ദ്രം (എം.സി.എഫ്), കമ്മ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകൾ, മാർക്കറ്റിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കൈമാറി കിട്ടിയ ആശുപത്രികളിലും വിദ്യാലയങ്ങളിലും മറ്റു സർക്കാർ കാര്യാലയങ്ങളിലും (പോലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ) ഖര ദ്രവ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനും ഒന്നിലധികം തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനും കഴിയും.
സബ്സിഡിയിൽ ബയോഗ്യാസ് പ്ലാന്റ്
തദ്ദേശ സ്ഥാപന പരിധിയിലെ റസിഡന്റ് അസോസിയേഷനുകൾ, കോളനികൾ, സർക്കാർ ക്വാട്ടേഴ്സുകൾ, ഹോസ്റ്റൽ, ഹോട്ടൽ, കല്യാണ മണ്ഡപങ്ങൾ, ഇറച്ചിക്കടകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബയോഗ്യാസ് പ്ലാന്റ്, വലിയ കമ്പോസ്റ്റിങ് സൗകര്യങ്ങൾ എന്നിവ പദ്ധതി ചെലവിന്റെ 50 ശതമാനമോ 1,00,000 രൂപയോ ഇതിലേതാണ് കുറവ് എന്ന നിലയിൽ സബ്സിഡി നൽകി നിർമ്മിക്കാനും സാധിക്കും. തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ മിഷൻ നൽകിയ തുകയ്ക്കുള്ള പദ്ധതികൾ കൂടി ഏറ്റെടുത്താവണം പദ്ധതികൾ ഭേദഗതി ചെയ്യേണ്ടതെന്ന് ജില്ലാ ശുചിത്വ മിഷൻ ഓഫീസർ അറിയിച്ചു.