കാടാമ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ജില്ലയിലെ ഈഴവ, പിന്നാക്ക സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യങ്ങളില്ലാത്ത അവസ്ഥയിലാണെന്ന് പിലാത്തറ എസ് എൻ ഡി പി ശാഖാ യോഗം അഭിപ്രായപ്പെട്ടു. ഇതുമൂലം പാരലൽ, സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ജില്ലയിൽ എസ്.എൻ.ഡി.പി യോഗത്തിനോ, ശ്രീനാരായണ സംഘടനകൾക്കോ സർക്കാർ ശബളം കൊടുക്കുന്ന വിദ്യാലയങ്ങളോ, കലാലയങ്ങളോ ഇതുവരെ അനുവദിച്ചിട്ടില്ല. ഭരണരംഗത്തെ ഇത്തരം കടുത്ത വിവേചനങ്ങൾ തിരുത്തി ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും എയ്ഡഡ് കലാലയങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാവണമെന്നും യോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് ഭാസ്‌ക്കരൻ ചപ്പയിൽ അധ്യക്ഷത വഹിച്ച യോഗം എസ്.എൻ.ഡി.പി യോഗം തിരൂർ യൂണിയൻ ഉപാദ്ധ്യക്ഷൻ വാസുദേവൻ കാടാമ്പുഴ ഉത്ഘാടനം ചെയ്തു. ശാഖാ ഉപാധ്യക്ഷൻ പരമേശ്വരൻ, യോഗം വാർഷിക പ്രധിനിധി നാരായണൻ തൊട്ടിയിൽ എന്നിവർ സംസാരിച്ചു.
ശാഖാ സെക്രട്ടറി ബാബു സ്വാഗതവും വെളളാടൻ പത്മനാഭൻ നന്ദിയും പറഞ്ഞു. വേണുഗോപാൽ, ഭാസ്‌ക്കരൻ കണ്ണംപളളി, ബാലൻ അരേക്കൽ, വാസു കോന്നല്ലൂർ, കൃഷ്ണൻ എം, ഉണ്ണി വെളളാടൻ, കുഞ്ഞാനു നേതൃത്വം നൽകി. ചടങ്ങിൽ എസ്.എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.