et
ഇ.ടി മുഹമ്മദ് ബഷീർ

പൊന്നാനി: ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ നേടിയ വൻ ഭൂരിപക്ഷം വന്ന വഴിയറിയാതെ ഇടത് വലത് മുന്നണികൾ. തിരഞ്ഞെടുപ്പാനന്തരമുള്ള എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് 1,93231 വോട്ടിന്റെ ഭൂരിപക്ഷം ഇ,ടി സ്വന്തമാക്കിയത്. പൊന്നാനി ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികൾ നൽകിയ കണക്കുകൾ പ്രകാരം സി.പി.എമ്മും മുസ്ലിം ലീഗും വിലയിരുത്തിയ തിരഞ്ഞെടുപ്പു ഫലവുമായി യാതൊരു ബന്ധവുമില്ലാത്ത ഭൂരിപക്ഷമാണ് ഇ.ടിക്ക് ലഭിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ കണക്കുകൾ പ്രകാരമുള്ള ഭൂരിപക്ഷത്തിന്റെ രണ്ടര ഇരട്ടിയോളമാണ് ഇ.ടി ലഭിച്ചിരിക്കുന്ന ഭൂരിപക്ഷം. 2009 ലഭിച്ച 82,684 വോട്ടിന്റെ ഭൂരിപക്ഷത്തിനടുത്ത് ലഭിക്കുമെന്നാണ് മുസ്ലിം ലീഗ് കണക്കുകൂട്ടിയിരുന്നത്. ഇ ടി മുഹമ്മദ് ബഷീർ ഇക്കാര്യം പലതവണ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോൺഗ്രസ്സിന്റെ കണക്കുകൾ പ്രകാരം മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്.

ബൂത്ത് കമ്മിറ്റികൾ സി.പി.എമ്മിന് നൽകിയ കണക്കുകൾ പ്രകാരം 30,000 വോട്ടിന് ഇ.ടി മുഹമ്മദ് ബഷീർ വിജയിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. സ്ഥാനാർത്ഥി പി വി അൻവറിന്റെ വ്യക്തിഗത സ്വാധീനവും മറ്റു അടിയൊഴുക്കുകളും കൂട്ടുമ്പോൾ നേരിയ വോട്ടിന് എൽ.ഡി.എഫ് ജയിക്കുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടൽ. ഇ ടി ജയിക്കുകയാണെങ്കിൽ 2014ലെ ഭൂരിപക്ഷമായ 25,410 വോട്ടിന് താഴെയായിരിക്കും ജയിക്കുകയെന്നായിരുന്നു ഇടതു കേന്ദ്രങ്ങളിലെ നിഗമനം.

നിയമസഭ മണ്ഡലങ്ങളിൽ ഇ.ടി നേടിയ ഭൂരിപക്ഷത്തിന്റെ ഞെട്ടലിൽ നിന്ന് ഇടത് കേന്ദ്രങ്ങൾ ഇനിയും മുക്തമായിട്ടില്ല. പൊന്നാനി, തവനൂർ ഉൾപ്പെടെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഇ.ടി വൻ ഭൂരിപക്ഷത്തിൽ മുന്നിലെത്തിയത് യു.ഡി.എഫ് കേന്ദ്രങ്ങളേയും അത്ഭുതപ്പെടുത്തുകയാണ്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പൊന്നാനിയിലും തവനൂരും ഇ.ടി പിന്നിൽ പോകുമെന്നാണ് യു.ഡി.എഫ് കണക്കു കൂട്ടിയിരുന്നത്. അയ്യായിരം മുതൽ എണ്ണായിരം വരെ വോട്ടിന്റെ കുറവ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ 15,640 വോട്ടിന്റെയും, തവനൂരിൽ 17,064 വോട്ടിന്റെയും ഭൂരിപക്ഷമാണ് എൽ.ഡി.എഫ് നേടിയിരുന്നത്.ഈ സ്ഥാനത്താണ് ഇ ടി 9,739 വോട്ടിന്റെയും 12,354 വോട്ടിന്റെയും ഭൂരിപക്ഷം പൊന്നാനിയിലും തവനൂരുമായി നേടിയത്. തൃത്താലയിൽ നേരിയ ലീഡാണ് യു.ഡി.എഫ് കണക്കു കൂട്ടിയിരുന്നത്. എന്നാലിവിടെ 8,404 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടമായ താനൂരിൽ ഭൂരിപക്ഷം യു.ഡി.എഫ് ഉറപ്പാക്കിയിരുന്നു. എന്നാൽ ലഭിച്ച ഭൂരിപക്ഷം സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തതാണ്. തിരൂരങ്ങാടിയിലും, കോട്ടക്കലും ഇരുപതിനായിരം വരെ ഭൂരിപക്ഷമാണ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ തിരൂരങ്ങാടിയിൽ 46,984 വോട്ടിന്റെയും കോട്ടക്കലിൽ 42,199 വോട്ടിന്റെയും ഭൂരിപക്ഷമാണ് ലഭിച്ചത്.പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച തിരൂരിൽ ലഭിച്ചത് 35,325 വോട്ടിന്റെ ഭൂരിപക്ഷം.

പൊന്നാനി, തവനൂർ, തൃത്താല, താനൂർ എന്നിവിടങ്ങളിൽ ലീഡ് നേടാനാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. പൊന്നാനിയിൽ പതിനയ്യായിരത്തിന് മുകളിലായിരുന്നു എൽ.ഡി.എഫിന്റെ കണക്ക്. തവനൂരിൽ പന്ത്രണ്ടായിരത്തിന് മുകളിലും. തൃത്താലയിൽ പതിനായിരം വരെയും, താനൂരിൽ മൂവായിരത്തോളവും ലീഡ് ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നു. കോട്ടക്കലും തിരൂരങ്ങാടിയിലും ഇരുപതിനായിരം വോട്ടു വീതം യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്നായിരുന്നു ഇടതു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

വലിയ തോതിലുള്ള അടിയൊഴുക്കാണ് ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നത്. മുസ്‌ലിം ലീഗ് വിരുദ്ധ കോൺഗ്രസ്സ് വോട്ടുകൾ കൂട്ടത്തോടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഇടതു സ്ഥാനാർത്ഥി പി.വി.അൻവറിന്റെ കോൺഗ്രസ്സ് ബന്ധം യു.ഡി.എഫിലെ അസംതൃപ്തരുടെ വോട്ടുകൾ ലഭിക്കുന്നതിന് സഹായകമാകുമെന്നും സി പി എം പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ്സ് വോട്ടുകളിലെ ചെറിയ തോതിലുള്ള ചോർച്ച മുസ്‌ലിം ലീഗും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുമുന്നണികളുടേയും സകല പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന തരത്തിൽ തികഞ്ഞ അത്ഭുതത്തിന്റെതാണ് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് ഫലം.