തിരൂരങ്ങാടി: നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ലക്ഷങ്ങൾ മുടക്കിയ കുടിവെള്ള പദ്ധതികൾ നോക്കുകുത്തിയായതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂർ, കുടിക്കേങ്ങൽ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളാണ് വെള്ളത്തിന് കഷ്ടപ്പെടുന്നത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് കുണ്ടൂരിലെ സ്വകാര്യ വ്യക്തി സൗജന്യമായി നൽകുന്ന വെള്ളമാണ് ഈപ്രദേശത്തുകാരുടെ ഏക ആശ്രയം.കുണ്ടൂരിലെ ഉയർന്ന പ്രദേശമായ ഇവിടെ വേനൽ ആരംഭിക്കുന്നതോടെ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകാറുണ്ട്. ഇവിടുത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് തൂർപ്പിൽ താഴത്ത് രണ്ടുപതിറ്റാണ്ടു മുമ്പ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന രേണുകയുടെ ശ്രമഫലമായി പദ്ധതി കൊണ്ടുവന്നിരുന്നു.
കിണറിനുപുറമെ പമ്പ് ഹൗസ് നിർമ്മിച്ച് വലിയ മോട്ടോറും, ഇതിൽ നിന്നും വെള്ളം സംഭരിക്കുന്നതിന് കുടിക്കേങ്ങലിൽ ടാങ്കും സ്ഥാപിച്ചു. നിർമ്മാണകമ്മറ്റിക്കെതിരെ അഴിമതി ആരോപണം ഉയർന്നുവന്നതോടെ പദ്ധതി പാതിവഴിയിൽ നിലച്ചു. ഒരു ദിവസംപോലും വെള്ളം പമ്പ് ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മരങ്ങൾ വളർന്ന് പമ്പ് ഹൗസ് തകരുകയും, മോട്ടോറും അനുബന്ധ സാമഗ്രികളും നശിക്കുകയും കുടിക്കേങ്ങലിൽ സ്ഥാപിച്ച ടാങ്ക് പിന്നീട് സ്ഥലഉടമ പൊളിച്ച് നീക്കുകയും ചെയ്തു. ഈകിണറിൽ ഇപ്പോഴും വെള്ളം സുലഭമാണ്.
കുടിക്കേങ്ങൽ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാപഞ്ചായത്തിന്റെ ഇരുപത് ലക്ഷം രൂപയുടെ മറ്റൊരു പദ്ധതി ആരംഭിച്ചത്. നിലവിലെ പഞ്ചായത്ത് അംഗം കൺവീനറായാണ് പദ്ധതിക്ക് നിർമ്മാണ കമ്മറ്റി രൂപീകരിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ കുണ്ടൂർ ആശാരി താഴത്ത് നാലുലക്ഷം രൂപ ചിലവിൽ കിണർ നിർമ്മിക്കുകയും ചെയ്തു.എന്നാൽ വർഷങ്ങൾ പലത് കടന്നുപോയിട്ടും കിണറിൽ വെള്ളം സംഭരിക്കാനോ, പദ്ധതിയുടെ തുടർ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനോ സാധിച്ചില്ല. കുണ്ടൂർ തോടിന് ഏതാനും വാരയകലെ വയലിൽ നിർമ്മിച്ച ഈകിണറിന് തൊട്ടടുത്തുള്ള കുളം ജലസമൃദ്ധമാണ്. എന്നാൽ കിണറിൽ വെള്ളമില്ല. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളം ലഭിക്കാത്തതിന് കാരണം. പത്തുമീറ്ററോളം താഴ്ചയിൽ കോൺക്രീറ്റ് റിംഗോടെ നിർമ്മിച്ച കിണറിലേക്ക് ഉറവ ലഭിക്കുന്നതിന് താഴെവരെ ഒരുദ്വാരം പോലുമില്ല.
റിംഗ് നിർമ്മിക്കാൻ നെല്ലിപ്പടി തയ്യാറാക്കുമ്പോൾ കിണറിനകത്ത് വെച്ചതാണത്രേ കോൺക്രീറ്റ് ഒരുക്കിയിരുന്നത്. ഈ കോൺക്രീറ്റ് കിണറിനകത്ത് ഉറച്ചുപോയതിനാൽ താഴെ നിന്നുള്ള ഉറവയും തടസ്സപ്പെടുകയായിരുന്നു.. ഇതോടെ നാട്ടുകാർ ഏറെ കൊട്ടിഘോഷിച്ച ഈ പദ്ധതി പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. രണ്ടുലക്ഷം രൂപയിൽ കിണറിനകത്തെ കോൺക്രീറ്റ് തകർത്ത് വെള്ളം ലഭ്യമാക്കാമെന്ന് കരാറുകാരൻ ഉറപ്പു നൽകിയെങ്കിലും കമ്മിറ്റി താൽപര്യമെടുത്തില്ലത്രെ. പദ്ധതികളുടെ പേരിൽ വൻ അഴിമതി നടന്നതായും പരക്കെ ആക്ഷേപമുണ്ട്.