kunjalikuutty

മലപ്പുറം : ആലത്തൂരിൽ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസിനൊപ്പം കുടുംബസമേതമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. 'കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാർലമെന്റ് പ്രതിനിധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ. കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ്" എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം സോഷ്യൽമീഡിയകളിൽ വൈറലാണ്. കൃത്യസമയത്ത് വിജയരാഘവനുള്ള ചുട്ടമറുപടിയെന്ന കമ്മന്റുകൾ പോസ്റ്റിൽ നിറഞ്ഞിട്ടുണ്ട്.

രമ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുഞ്ഞാലിക്കുട്ടിയെ സന്ദർശിക്കാൻ വേങ്ങര കാരാത്തോട്ടെ വീട്ടിലെത്തിയപ്പോളെടുത്ത ഫോട്ടോയാണിത്. ഈ സന്ദർശനത്തെ ചൊല്ലിയുള്ള എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ പ്രസ്‌താവന വിവാദമായിരുന്നു. ഇതിനെതിരെ രമ്യയും യു.ഡി.എഫും ശക്തമായി രംഗത്തുവരികയും പ്രശ്നം മുഖ്യപ്രചാരണായുധവുമാക്കിയിരുന്നു.