sameera
പി.എ. സമീറ

പൊന്നാനി: ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അതിശയപ്പെടുത്തിയത് പി.എ. സമീറയാണ്. ഒരു രാഷ്ട്രീയകക്ഷിയുടെയും പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പൊന്നാനിയിൽ മത്സരിച്ച സമീറ നേടിയത് 16,288 വോട്ട്. അഞ്ചാം സ്ഥാനത്തെത്തിയ സമീറയ്ക്ക് നാലാംസ്ഥാനത്തുള്ള എസ്.ഡി.പി.ഐയെക്കാൾ 1,​826 വോട്ട് മാത്രം കുറവ്.

ഭാഗ്യം കൊണ്ട് ലഭിച്ചതല്ല ഈ വോട്ടെന്നാണ് നിലമ്പൂർ മൂത്തേടം സ്വദേശിയായ സമീറയുടെ പക്ഷം. "കൃത്യമായ രാഷ്ട്രീയത്തോടെയാണ് മത്സരിക്കാനിറങ്ങിയത്. ഭൂരഹിതരുടെ വോട്ടുകളാണ് ലഭിച്ചത്." സമീറ പറയുന്നു.

ഭൂരഹിതർക്കായി പ്രവർത്തിക്കുന്ന ജനമുന്നേറ്റ മുന്നണി എന്ന കൂട്ടായ്മയ്ക്കൊപ്പമാണ് കഴിഞ്ഞ മൂന്നുവർഷമായി സമീറ. ഭൂരഹിതർക്ക് നൽകാൻ സർക്കാർ സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മഞ്ചേരി നറുകര, നെന്മിനി, കോഴിക്കോട് എന്നിവിടങ്ങളിലായി 630 ഏക്കർ സ്ഥലം കണ്ടെത്തി പട്ടിക ജില്ലാ കളക്ടർമാർക്ക് കൈമാറിയിരുന്നു. ഭവന രഹിതരുടെ പ്രതിനിധിയെന്ന നിലയിലാണ് പൊന്നാനിയിൽ മത്സരിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രചാരണം. മണ്ഡലത്തിലെ മുഴുവൻ ഭൂരഹിതരെയും വാട്‌സ്ആപ്പ് വഴി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.

ജനമുന്നേറ്റ മുന്നണിയുടെ ബാനറിൽ വയനാട് മണ്ഡലത്തിൽ നറുകര ഗോപി മത്സരിച്ചു. മലപ്പുറത്ത് നാമനിർദ്ദേശ പത്രിക നൽകിയെങ്കിലും തള്ളിപ്പോയി. കോഴിക്കോട്ട് സ്വതന്ത്ര സ്ഥാനാർത്ഥി നുസ്രത്ത് ജഹാനും എറണാകുളത്ത് ലൈല റഷീദിനും പിന്തുണ നൽകി. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാൽ പിൻവാങ്ങി.