പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിലുൾപ്പെട്ട പുത്തനങ്ങാടി പരിയാപുരത്ത് മാലിന്യനിക്ഷേപം പതിവാകുന്നത് നാട്ടുകാരെ വലയ്ക്കുന്നു. ജനവാസകേന്ദ്രമായ ഇവിടെ തുടർച്ചയായി നടക്കുന്ന മാലിന്യനിക്ഷേപത്തിനെതിരെ അധികൃതർ നടപടിയെടുക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം റോഡരികിൽ കടന്തോട് ജോസഫിന്റെ വീടിനോടു ചേർന്ന് മാലിന്യങ്ങൾ ചാക്കിൽ കെട്ടി നിക്ഷേപിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പ് രണ്ടുചാക്ക് മാലിന്യം ആരോ ഇവിടെ തള്ളിയിരുന്നു. പിന്നീട് ദിനംപ്രതി മാലിന്യം തള്ളൽ വർദ്ധിച്ചു. ജോസഫിന്റെ വീടിന്റെ മതിലരികിൽ മാലിന്യം പരന്നു കിടക്കുകയാണ്. വേനൽമഴയിൽ മാലിന്യം പരക്കാനും കുടിവെള്ള സ്രോതസുകളിൽ പതിക്കാനും സാദ്ധ്യതയുണ്ട്.
മാലിന്യം നിക്ഷേപിക്കരുത് എന്നെഴുതിയ മൂന്ന് ബോർഡുകൾ ജോസഫ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും കുപ്പിച്ചില്ലുകൾ അടക്കമുള്ള മാലിന്യങ്ങൾ ആരൊക്കെയോ ഇവിടെ കൊണ്ടിടുകയാണ്.
പഞ്ചായത്ത് മെമ്പറോടും പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞെങ്കിലും പഞ്ചായത്തിന്റെ മാലിന്യശേഖരണ പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു.
ഇതു സംബന്ധിച്ച പരാതി രേഖാമൂലം പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും വി.ഇ.ഒ യ്ക്കും നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
അധികൃതർ നടപടിയെടുത്തില്ലെങ്കിൽ സമരപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.