തിരൂരങ്ങാടി: നന്നമ്പ്ര കൊടിഞ്ഞി കടുവാളൂരിൽ പുഞ്ച വയലുകൾ വ്യാപകമായി നികത്തുന്നു. കുണ്ടൂർ തോടിന്റെ സ്ഥലം വരെ കൈയ്യേറി വീടുകൾ നിർമ്മിച്ചിട്ടുണ്ട്. പല വീടുകളുടെയും നിർമ്മാണം തകൃതിയായി നടക്കുന്നുമുണ്ട്. നേരത്തെ കൃഷി നടത്തിയിരുന്ന സ്ഥലങ്ങളാണിവ. യഥാസമയം അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടികൾ ഉണ്ടായില്ലെന്ന് പരാതിയുണ്ട്.
ജില്ലയിലെ തന്നെ നെല്ലറ എന്നറിയപ്പെടുന്ന നന്നമ്പ്ര പഞ്ചായത്തിലെ പ്രധാന നെൽപാടങ്ങളിലൊന്നാണിത്. എല്ലാ വർഷവും മുടങ്ങാതെ കൃഷി ചെയ്യുന്ന സ്ഥലങ്ങളായിരുന്നു. നിലവിൽ ഇതിന്റെ പരിസരങ്ങളിലും നെൽകൃഷി നടക്കുന്നുണ്ട്. കടുവാളൂരിലെ കിഴക്ക് ഭാഗത്തും നിലവിൽ വയൽ നികത്താൻ ശ്രമം നടക്കുന്നുണ്ട്. വയലിലേക്ക് മണ്ണ് എത്തിക്കുന്നതിന് വേണ്ടി സ്റ്റേഡിയം കനാൽ റോഡ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്ത് ആൾപെരുമാറ്റം കുറവായതിനാലാണ് നികത്താനുള്ള ശ്രമം തകൃതിയായി നടക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഭൂമാഫിയ വാങ്ങിയ വയൽ മണ്ണിട്ട് നികത്തി ഭീമമായ തുകയ്ക്ക് മറിച്ചു വിൽക്കാനാണ് നീക്കമെന്നറിയുന്നു.
ഈ വയലിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്ന കുളവും, വെള്ളം പമ്പ് ചെയ്തിരുന്ന പമ്പ് ഹൗസും നശിപ്പിച്ച് പുതിയ കിണർ കിളച്ചിട്ടുണ്ട്. വയലിലേക്ക് വെഞ്ചാലി, ചോർപ്പെട്ടി എന്നിവിടങ്ങളിൽ നിന്നും വെള്ളം എത്തിക്കുന്നതിന് കനാൽ സൗകര്യം നിലവിലുണ്ട്. കനാലിൽ നിന്നും വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാകുമ്പോൾ വെള്ളം പമ്പ് ചെയ്യുന്നതിനാണ് കുളവും, പമ്പ് ഹൗസും നിർമ്മിച്ചിട്ടുള്ളത്.