എടപ്പാൾ: എടപ്പാൾ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് തുടക്കമായി. ശനിയാഴ്ച രാത്രി തന്നെ തൃശ്ശൂർ റോഡിൽ പാലം തുടങ്ങുന്നയിടത്തുനിന്ന് ടാക്സി സ്റ്റാൻഡു വരെയുള്ള ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ച് പൈലിംങ് യന്ത്രങ്ങൾ എത്തിച്ചു. നിർമ്മാണമേറ്റെടുത്ത ഏറനാട് എൻജിനീയറിങ് കമ്പനിയുടെ പ്രോഗ്രാം എൻജിനിയർ വി.ഹനീഫയുടെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. ടൗണിലെ ഹൈമാസ്റ്റ് വിളക്ക് മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായാൽ മാത്രമേ ഡിവൈഡർ പൂർണമായി പൊളിച്ച് ബാരിക്കേഡുകൾ കെട്ടാനാകൂവെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.
ഇന്ന് പുലർച്ചയോടെ ഹൈമാസ്റ്റ് വിളക്ക് ഊരി മാറ്റുമെന്ന് അധികൃതർ പറഞ്ഞു. ഹൈമാസ്റ്റ് വിളക്ക് എവിടെ മാറ്റി സ്ഥാപിക്കുമെന്ന് പിന്നീട് തീരുമാനിക്കും. ഇന്ന് രാത്രിയോടെ പൈലിങ് തുടങ്ങി നാളെ മുതൽ കോൺക്രീറ്റ് ജോലികൾ തുടങ്ങാനാണ് തീരുമാനം. ടൗണിൽ പ്രവർത്തി നടക്കുന്ന ഭാഗം വേർതിരിച്ച് ബാരിക്കേഡ് സ്ഥാപിച്ച് രണ്ട് വഴികളായാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
ബസുകൾക്ക് തടസം നിന്നിരുന്ന കടകളുടെ ബോർഡുകൾ പോലീസ് നിർദ്ദേശ പ്രകാരം നീക്കം ചെയ്തു.അതേസമയം ദീർഘദൂര ബസ്സുകൾക്ക് എടപ്പാൾ വഴി സർവ്വീസ് നടത്താൻ അനുമതി നൽകി. പെരുന്നാൾ പ്രമാണിച്ച് വ്യാപാരികൾക്കും യാത്രക്കാർക്കും ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ബസ്സ് സർവീസ് അനുവദിച്ചത്. എന്നാൽ നിർമ്മാണം പരോഗമിക്കുന്നതോടെ ഈ വഴിയുള്ള ബസ്സ് ഗതാഗതവും തടയും. ബസ്സുകൾക്ക് കടന്ന് പോകാൻ കഷ്ടിച്ച് സാധിക്കുന്ന ഇതിലൂടെയുള്ള യാത്ര ഗതാഗതക്കുരുക്കിന് കാരണവുമാകുന്നുണ്ട്. തൃശ്ശൂർ കോഴിക്കോട് റോഡിൽ വലിയ വാഹനങ്ങൾക്ക് ശനിയാഴ്ച രാത്രിയോടെ നിയന്ത്രണം തുടങ്ങി. പൊലീസും ട്രോമാ കെയർ യൂണിറ്റംഗങ്ങളും ഗതാഗതം തിരിച്ചുവിടുന്ന മേഖലകളിലെല്ലാം സേവനസന്നദ്ധരായിട്ടുണ്ട്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ചരക്കു ലോറികൾ മാത്രം വഴിതിരിച്ച് വിടുന്നതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. ഭാഷയറിയാത്ത ഡ്രൈവർമാർ ഓടിക്കുന്ന ഇത്തരം വാഹനങ്ങൾ വഴിയറിയാതെ ചുറ്റിത്തിരിയുന്നത് ഗ്രാമപ്രദേശത്തെ റോഡുകളിൽ ഗതാഗത തടസം രൂക്ഷമാകാൻ കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.എടപ്പാൾ മേൽപ്പാലത്തിന്റെ നിർമ്മാണ പരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.ടി.ജലീൽ എടപ്പാളിലെത്തി. ഇന്നലെ ഉച്ചയോടു കൂടി എടപ്പാളിലെത്തിയ മന്ത്രി കരാർ കമ്പനി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. തൃശൂർ - കുറ്റിപ്പുറം റോഡിൽ 220 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമാണു പാലം നിർമിക്കുക.13 കോടി രൂപ ചെലവിൽ ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
മലപ്പുറം ഏറനാട് കൺസ്ട്രക്ഷൻസിനാണ് നിർമാണച്ചുമതലയുള്ളത്.നിലവിൽ കെട്ടിടങ്ങൾ പൊളിക്കാതെയും സ്ഥലം ഏറ്റെടുക്കാതെയുമാണ് പാലം യാഥാർഥ്യമാക്കുന്നത്. ടൗണിലെ കാനകൾ പൊളിച്ചുമാറ്റി ഈ സ്ഥലംകൂടി ഏറ്റെടുത്താണ് റോഡ് വീതി കൂട്ടുന്നത്. പാലം നിർമാണം പൂർത്തിയാകുന്നതോടെ ആധുനിക രീതിയിലുള്ള കാനകൾ നിർമിക്കും.