തിരൂരങ്ങാടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് തിരൂരങ്ങാടി നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.
നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ അണിനിരന്ന മാർച്ച് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. തൃക്കുളത്തെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ശേഷം നടന്ന ധർണ്ണയിൽ നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ സ്വാഗതവും വി.വി അബു അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ മുസ്ലിംലീഗ് നഗരസഭ പ്രസിഡന്റ് സി.പി ഇസ്മായീൽ ഉദ്ഘാടനം ചെയ്തു. ധർണ്ണക്ക് ശേഷം നേതാക്കൾ വാട്ടർ അതോറിറ്റി അസിസ്ന്റന്റ് എഞ്ചിനിയർ അജ്മലുമായി ചർച്ച നടത്തി. വൈദ്യുതി ഒളിച്ചു കളിയും വോൾട്ടേജില്ലാത്തതും കാരണം മോട്ടോർ അടിക്കിടെ കേടാകുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്ന് എ.ഇ സമരക്കാരെ അറിയിച്ചു. വോൾട്ടേജ് ക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ പ്രവർത്തിപ്പിക്കാനെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ബുധനാഴ്ച്ച തിരൂരങ്ങാടി കെ.എസ്.ഇ.ബിയിലേക്ക് ജനപ്രതിനിധികൾ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ കെ.ടി റഹീദ, വൈസ് ചെയർമാൻ എം അബ്ദുറഹ്മാൻ കുട്ടി, സി.പി സുഹ്റാബി, അയ്യൂബ് തലാപ്പിൽ, എം.എൻ ഇമ്പിച്ചി, മറ്റു കൗൺസിലർമാർ, യു.ഡി.എഫ് നേതാക്കളായ യു.കെ മുസ്തഫ, അസീസ് പന്താരങ്ങാടി തുടങ്ങിയവർ നേതൃത്വമേകി.