തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 12 വാർഡിൽ പനയത്ത് പുറായിയിൽ സ്ക്രബ് ടൈഫസ് (ചെള്ളു പനി ) മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും. പഞ്ചായത്ത് പ്രസിഡണ്ട് സി.രാജേഷ്, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ശിവദാസൻ ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അസീസ് പാറയിൽ, മെഡിക്കൽ ഓഫീസർ ഡോ.അനീഷ് വി.ആർ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് പി. എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ നിന്ന് ഇൻസെക്ട് കലക്ടർ കെ.അനിരുദ്ധന്റെ നേതൃത്വത്തിൽ ഏഴംഗസംഘം പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിൽ ചെള്ളുപനി പരത്തുന്ന ചിഗർ മൈറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തി.
അരുണ പി.ടി., വിനോദ് .ടി എന്നീ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ഫീവർ സർവ്വേയും ശക്തിപ്പെടുത്തി. വീടും പരിസരവും വൃത്തിയാക്കുക, എലി നശീകരണ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക, പനിയുള്ളവർ വൈദ്യസഹായം തേടുക. പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കുന്ന നടപടികൾ സ്വീകരിക്കാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.