മലപ്പുറം: പ്രായോഗിക പരീക്ഷ കഴിഞ്ഞ് നാല് മാസമായിട്ടും ലൈസൻസ് കിട്ടാതെ ജില്ലയിൽ 40,000ത്തോളം പേർ. മോട്ടോർ വാഹന വകുപ്പിന്റെ ഏകീകൃത സോഫ്റ്റുവെയറായ വാഹൻ സാരഥി വഴി ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്യാനുള്ള പദ്ധതി സംസ്ഥാനതലത്തിൽ പാളിയതോടെയാണ് ജില്ലയിൽ ലൈസൻസുകൾ പ്രിന്റ് ചെയ്യാനാവാതെ കെട്ടിക്കിടന്നത്. ഇവയുടെ വിതരണം ഒരുമാസത്തിനകം പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ ജില്ലയിലെ വിവിധ ആർ.ടി ഓഫീസുകളിൽ ലൈസൻസ് അനുവദിച്ചിരുന്നില്ല. നേരത്തെ ആർ.ടി. ഓഫീസുകളിൽ നിന്നാണ് ലൈസൻസ് പ്രിന്റെടുത്തിരുന്നതെങ്കിൽ ഏകീകൃത സോഫ്റ്റുവെയർ വന്നതോടെ ഇതിനായി സംസ്ഥാനതലത്തിൽ ഒരു ഏജൻസിയെ ചുമതലപ്പെടുത്തി. ക്യൂ ആർ. കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ലൈസൻസ് തിരുവനന്തപുരത്ത് വച്ച് പ്രിന്റ് ചെയ്ത് തപാൽ മാർഗം എത്തിക്കാനായിരുന്നു പദ്ധതി. ലൈസൻസ് പ്രിന്റിംഗിനായി ടെൻഡറിൽ പങ്കെടുത്ത് കിട്ടാതെ പോയ കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെ തുടർനടപടികൾ സ്റ്റേ ചെയ്തു. നിലവിൽ കെട്ടിക്കിടക്കുന്ന ലൈസൻസുകൾ തീർപ്പാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയതോടെയാണ് ലൈസൻസ് പ്രിന്റിംഗ് നടപടികൾക്ക് വീണ്ടും തുടക്കമിട്ടത്. നിയമനടപടികൾ തീരുന്നത് വരെ അതത് ആർ.ടിഓഫീസുകൾ മുഖാന്തരമാവും ലൈസൻസ് പ്രിന്റ് ചെയ്യുക.