മലപ്പുറം: പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും യാത്ര ചെയ്യാൻ ജില്ലയിലെ എല്ലാ പ്രധാന ബസ് സ്റ്റാൻഡുകളിലും വിദ്യാർത്ഥി യാത്ര സൗഹൃദ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജില്ലാകളക്ടർ അമിത് മീണ അറിയിച്ചു.
പുതിയ അദ്ധ്യയന വർഷത്തെ ഒരുക്കങ്ങൾ വിലയിരുത്താനായി കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് അവരുടെ യാത്രാസംബന്ധമായ ഏതു പരാതിയും വിദ്യാർത്ഥി യാത്ര സൗഹൃദ കേന്ദ്രങ്ങളിൽ അറിയിക്കാം. വിദ്യാർത്ഥികൾ നൽകിയ പരാതികൾ പരിശോധിക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും. ആർ.ടി.ഒ എൻഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥരായിരിക്കും കേന്ദ്രങ്ങളിൽ പ്രവർത്തിക്കുക. അതിനായി ഓരോ ബസ് സ്റ്റാൻഡിലും മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റൂമുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കൂടാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ബസുകളിലും ഹൈൽപ്പ്ലൈൻ നമ്പറുകൾ ഉൾപ്പെടുന്ന സ്റ്റിക്കറുകളും പതിക്കും.
വാഹനങ്ങളിൽ സുരക്ഷാ സ്റ്റിക്കർ വേണം
മെയ് 29ന് സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ് സുരക്ഷാ സ്റ്റിക്കർ നൽകും. സ്റ്റിക്കർ പതിക്കാത്ത ഒരു വാഹനവും സർവീസ് നടത്താൻ പാടില്ല.
സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങളിൽ കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പു വരുത്താൻ പ്രധാന അദ്ധ്യാപകരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ, വാൻ, ജീപ്പ് തുടങ്ങിയവയിൽ അനുവദനീയമായതിൽ കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടു പോകരുത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ അധികൃതർക്കും വാഹന ഉടമകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും.
ഫിറ്റ്നസ് ഉറപ്പാക്കും
വിദ്യാലയങ്ങളിലെ മുഴുവൻ വാഹനങ്ങളുടെയും രേഖകൾ സാധുവാണോ എന്ന് പരിശോധിക്കും. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി കാര്യക്ഷമതയും സുരക്ഷയും ഉറപ്പ് വരുത്തും. ഈ വർഷത്തെ ഐ.ഡി.ടി.ആർ പരിശീലനം പൂർത്തിയാക്കിയവർക്കേ സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടു പോകാൻ അനുവാദമുള്ളൂ.
അമിത വേഗത തടയാനാവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും വേഗപ്പൂട്ടുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
വാഹനങ്ങളിൽ വെഹിക്കിൾ ലോക്കേഷൻ ട്രാക്കിംഗ് സിസ്റ്റം (വി.എൽ.ടി.എസ്, ജി.പി.എസ്) നിർബന്ധമാണ്. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കുന്നതിനുള്ള ബട്ടനുകൾ പ്രവർത്തനക്ഷമമായിരിക്കണം. ജി.പി.എസിൽ നിന്ന് വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കുകയും സമയബന്ധിതമായി ഇടപെടുകയും വിവരങ്ങൾ യഥാസമയം അധികാരികളെ അറിയിക്കുകയും വേണം.
സ്കൂൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങൾ (പേര്, ക്ലാസ്, കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം, രക്ഷിതാവിന്റെ പേര്, ഫോൺനമ്പർ) സ്കൂൾ അധികൃതർ ആർ.ടി.ഒയ്ക്ക് നൽകും.
സ്വകാര്യ ബസ് ജീവനക്കാർക്ക്
ബാഡ്ജ് നിർബന്ധം
ഒരു മാസത്തിനകം എല്ലാ സ്വകാര്യ ബസ് ജീവനക്കാർക്കും നെയിം പ്ലേറ്റ്, ബാഡ്ജ് എന്നിവ കർശനമായി നടപ്പാക്കാൻ ബസ് ഉടമകളോട് കളക്ടർ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് യാതൊരു കാലതാമസവും ഉണ്ടാകാൻ പാടില്ലെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
കഴിഞ്ഞ അദ്ധ്യയന വർഷം 400 ലധികം പരാതികൾ ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മുമ്പാകെ ലഭിച്ചിട്ടുണ്ട്.
കുട്ടിഡ്രൈവർമാർ ശ്രദ്ധിക്കണം
സ്കൂൾ വിദ്യാർത്ഥികൾ മോട്ടോർ വാഹനം ഓടിച്ച് വരുന്നത് മോട്ടോർ വാഹന വകുപ്പും പൊലീസും കർശനമായി നിരീക്ഷിക്കും.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും തടയും.
ഇതു സംബന്ധിച്ച വിഷയങ്ങളിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസുകൾ നൽകും.