പി.എം. രാംമോഹൻ
നിലമ്പൂർ: സംസ്ഥാനത്ത് ജൈവ കാർഷികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്ലൈഫോസേറ്റും ഗ്ളൈഫോസേറ്റ് അടങ്ങിയ കളനാശിനികളും നിരോധിച്ച്കൃഷി ഡയറക്ടർ ഉത്തരവിറക്കി. 60 ദിവസത്തേക്കാണ് ഉത്തരവിന് പ്രാബല്യം. റൗണ്ടപ്പ് ഉൾപ്പെടെയുള്ളവ നിരോധനത്തിന്റെ പരിധിയിൽ വരും.
ഗ്ലൈഫോസേറ്റിന്റെയും ഗ്ളൈഫോസേറ്റ്അടങ്ങിയ ഉത്പന്നങ്ങളുടെയും മൊത്ത, ചില്ലറ വിതരണങ്ങളുടെ ലൈസൻസ് റദ്ദാക്കി 24നാണ് കൃഷി ഡയറക്ടർ ഉത്തരവിറക്കിയത്. കീടനാശിനികളുടെ ഉപയോഗം നിയന്ത്രിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ 60 ദിവസത്തേക്ക് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്. എന്നാൽ സർക്കാർ ഉത്തരവുണ്ടായിട്ടും ഇവയുടെ വിൽപ്പന തകൃതിയായി നടന്നെന്ന് ആക്ഷേപമുണ്ട്.
ചുവന്ന ലേബലോടു കൂടിയ ചില കീടനാശിനികളുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിരുന്നു. എന്നാൽ കൃഷിവകുപ്പ് തന്നെ ചുവന്ന ലേബലോട് കൂടിയ എലിവിഷം ഉൾപ്പെടെയുള്ള കീടനാശിനികൾ കൃഷിഭവൻ മുഖേന വിതരണം ചെയ്തത് വിവാദമായിരുന്നു. മഞ്ഞ, നീല ലേബലോടെയുള്ള ചില കളനാശിനികളുടെ വിൽപ്പനയും ഉപയോഗവും അത്യാവശ്യ ഘട്ടങ്ങളിൽ കൃഷി ഓഫീസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമായി പരിമിതപ്പെടുത്തി.
ഗ്ളൈഫോസേറ്റ് ഒഴിവാക്കിയുള്ള പുതിയ ലൈസൻസാണ് ഇനി വ്യാപാരികൾക്ക് നൽകുക. ഇതിനായി വ്യാപാരികളുടെ ലൈസൻസിന്റെ ഒറിജിനൽ കൃഷിഭവനുകളിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർ, ലൈസൻസ് എടുത്തിട്ടുള്ള മൊത്ത, ചെറുകിട വ്യാപാരികൾ എന്നിവർക്ക് ഉത്തരവിന്റെ പകർപ്പയച്ചിട്ടുണ്ട്.
കീടനാശിനികൾ വ്യാപകം
റബർതോട്ടങ്ങളിലാണ് റൗണ്ട് അപ്പ് വ്യാപകമായി ഉപയോഗിക്കുന്നത്.
നെൽകൃഷിയിലും പച്ചക്കറി തോട്ടങ്ങളിലും തളിക്കുന്ന ക്രോട്ടോഫോസും വ്യാപകമാണ്.
പച്ചക്കറി തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ലിന്റൈൻ, വാഴത്തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ഫുരുഡാൻ, കാർബോറിൻ തുടങ്ങിയവയും ഹാനികരമാണ്.
മാമ്പൂ കൊഴിയാതിരിക്കാനും പ്രാണികളെ അകറ്റാനും സെവിൻ, സിംഫൂസ് എന്നീ മാരക കീടനാശിനികളാണ് യഥേഷ്ടം തളിക്കുന്നത്.