തേഞ്ഞിപ്പലം: : കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ ഏകജാലക ഓൺലൈൻ പ്രവേശനത്തിനുള്ള അപേക്ഷയിൽ മുൻവർഷത്തേക്കാൾ വർദ്ധനവ്. കഴിഞ്ഞ വർഷത്തേക്കാൾ 4000ത്തിലേറെ അപേക്ഷകളാണ് വർദ്ധിച്ചതെന്ന് പ്രവേശന വിഭാഗം ഡയറക്ടർ ഡോ. ജോസ് പൂത്തൂർ അറിയിച്ചു. രജിസ്ട്രേഷനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചപ്പാൾ 1,34,852 പേരാണ് അപേക്ഷ സമർപ്പിച്ചത്. 1,34,417 പേർ ഹയർസെക്കൻഡറിയുടെ മാർക്കുകൾ ചേർത്തിട്ടുണ്ട്.1,34,178 അപേക്ഷകർ കോളേജുകൾ തിരഞ്ഞെടുത്തു. ആകെ 72,000 ബിരുദ സീറ്റുകളുണ്ട്. 35000ഓളം സീറ്റുകളാണ് അലോട്ട്മെന്റിലുള്ളത്. ബാക്കിയുള്ളവ മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോർട്സ് ക്വാട്ടകളിലുള്ളതാണ്. ആനുപാതികമായി സീറ്റ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും മികച്ച മാർക്കുള്ളവർക്ക് മാത്രമേ ഇത്തവണയും പ്രവേശനമുണ്ടാകൂ. ഹയർെസക്കൻഡറി പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയവർക്കും സീറ്റ് ഉറപ്പിക്കാനാവാത്ത അവസ്ഥയാണ്. ഓപ്പൺ ക്വാട്ടയ്ക്ക് പുറമേ, സംവരണവിഭാഗങ്ങളിലെ അപേക്ഷകരിൽ പലർക്കും അലോട്ട്മെന്റിൽ സീറ്റുണ്ടാവില്ല. പട്ടികജാതി വിഭാഗത്തിൽ നിന്ന് 12000ലേറെയും ഓപ്പണിൽ 21000വും മുസ്ലിം വിഭാഗത്തിൽ നിന്ന് 57000ലേറെയും അപേക്ഷകളാണുള്ളത്.പതിവ്പോലെ മലപ്പുറം ജില്ലയിൽ നിന്നാണ് അപേക്ഷകൾ കൂടുതലും. 42,000 വിദ്യാർത്ഥികളാണ് മലപ്പുറത്ത് നിന്ന് കാലിക്കറ്റിലെ കോളേജുകളിൽ ബിരുദപഠനം ആഗ്രഹിച്ച് അപേക്ഷ നൽകിയത്.
കോഴിക്കോട് നിന്ന് 32000ഓളം അപേക്ഷകരുണ്ട്. കൊല്ലം വരെയുള്ള ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും അപേക്ഷകരുണ്ട്.