joint
ജോയിന്റ് കൗൺസിൽ മലപ്പുറം വനിതാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: തൊഴിൽരംഗത്തെ സ്ത്രീ വിവേചനം അത്യധികം ആശങ്കജനകമായി തുടരുകയാണെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. വസന്തം പറഞ്ഞു. ജോയിന്റ് കൗൺസിൽ മലപ്പുറം വനിതാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചില സംസ്ഥാനങ്ങളിലെ ശിശുഹത്യ നിരക്ക് ഭയപ്പെടുത്തുന്നതാണ്. ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ 90 കോടി വോട്ടർമാരിലെ ബഹുഭൂരിപക്ഷമായ വനിതകൾക്ക് കഴിയുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചലരാകുന്ന ചിലർ വിഷയത്തോട് അടുക്കുമ്പോൾ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു. ഇതിന് മാറ്റം വരണം. സംഘടിതമായ സ്ത്രീ മുന്നേറ്റത്തിലൂടെ മാത്രമേ സ്ത്രീ ശാക്തീകരണം ഫലവത്താകൂവെന്നും അവർ പറഞ്ഞു.
വനിതാ സംസ്ഥാന കമ്മിറ്റി അംഗം എം. ഗിരിജ അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ കമ്മിറ്റി സംസ്ഥാന ജോ. സെക്രട്ടറി എൻ പ്രജിത സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിൻസെന്റ്, ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.ടി വി സിംല സ്വാഗതവും ഡി. ഗിരിജകുമാരി നന്ദിയും പറഞ്ഞ കൺവെൻഷനിൽ പുതിയ ഭാരവാഹികളായി ഡി. ഗിരിജകുമാരി (പ്രസിഡന്റ്), ടി സീമ (സെക്രട്ടറി), എം ഷീന, വി. എസ് സരിത (വൈസ് പ്രസിഡന്റുമാർ), സത്യറാണി ജി, അഷിത സി ( ജോ. സെക്രട്ടറിമാർ), സോണി പി ജെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.