ponnani
പൊന്നാനി നഗരസഭ കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ അംഗങ്ങൾ നഗരസഭ കാര്യാലയത്തിന് പുറത്ത് മുദ്രാവാക്യം മുഴക്കുന്നു

പൊന്നാനി: നഗരസഭ ചെയർമാന്റെ സഹോദരൻ ചട്ടങ്ങൾ ലംഘിച്ച് വീട് നിർമ്മിച്ചെന്നാരോപിച്ച് പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. ആരോപണം സംബന്ധിച്ച് സംവാദത്തിന് തയ്യാറാണെന്ന് നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി. വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷം.

പൊന്നാനി ഈശ്വരമംഗലം പുഴമ്പ്രത്ത് നഗരസഭ ചെയർമാന്റെ സഹോദരൻ 15 സെന്റ് വയൽ നികത്തി 2,200 ചതുരശ്ര അടിയിൽ വീട് നിർമ്മിക്കാൻ നേരത്തെയുണ്ടായിരുന്ന നഗരസഭ സെക്രട്ടറി ചെയർമാന്റെ അനുവാദത്തോടെ അനുമതി നൽകിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

വീടിന് പെർമിറ്റ് നൽകിയത് സാങ്കേതിക നടപടിയാണെന്നും അതിന് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും ചെയർമാൻ വ്യക്തമാക്കി. വീട് നിൽക്കുന്ന ഭൂമി പുതുതായി നികത്തിയതാണെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ ചെയർമാൻ വെല്ലുവിളിച്ചു. ഇക്കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്നും ചെയർമാൻ പറഞ്ഞു.

സ്വജനപക്ഷപാതത്തിലൂടെയും ചട്ടങ്ങൾ ലംഘിച്ചുമാണ് സഹോദരനു വേണ്ടി വീട് നിർമ്മാണത്തിന് ചെയർമാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പെർമിറ്റ് നൽകിയിരിക്കുന്നത്. 2018 ഫെബ്രുവരിയിൽ നൽകിയ അപേക്ഷക്ക് ജൂൺ മാസത്തിൽ അനുമതി നൽകിയത് ചെയർമാന്റെ ഇടപെടലിന്റെ ഭാഗമായാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യത്തിൽ ചെയർമാനുമായി സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷം മറുപടി നൽകി.സംഭവത്തിൽ ചെയർമാൻ പൊതു സമൂഹത്തോട് മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കുടിവെള്ളത്തിൽ ചളിയും പുഴുവും കാണപ്പെട്ട സംഭവവും, ചമ്രവട്ടം ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ പ്രവർത്തിക്കാത്തതുമാണ് പ്രതിപക്ഷം ആദ്യം കൗൺസിലിൽ ഉന്നയിച്ചത്. ഇക്കാര്യങ്ങളിൽ ചെയർമാൻ മറുപടി നൽകി. തുടർന്നായിരുന്നു ചെയർമാന്റെ സഹോദരന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണം ചർച്ചക്ക് വന്നത്.പരസ്പര വാഗ്വാദത്തിനൊടുവിൽ പ്രതിപക്ഷം കൗൺസിൽ ബഹിഷ്‌ക്കരിച്ച് മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങി.

പ്രതിഷേധത്തിന് നഗരസഭ പ്രതിപക്ഷ നേതാവ് എം. പി. നിസാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, സിഗംഗാധരൻ,എൻ.പി.സേതുമാധവൻ, വി.ചന്ദ്രവല്ലി തുടങ്ങിയവർ നേതൃത്വം നൽകി.അതേ സമയം ചെയർമാൻ വിഷയത്തിൽ മറുപടി പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.കൗൺസിലർമാരും കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു.