mahdin
റമളാൻ 27ാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ മുന്നോടിയായി സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്ന് പതാക ഉയർത്തുന്നു.

മലപ്പുറം: റമളാൻ 27ാം രാവും വിശുദ്ധ മാസത്തിലെ അവസാന വെള്ളിയാഴ്ചയും ഒരുമിക്കുന്ന പുണ്യദിനത്തിൽ സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. റമളാൻ ഒന്നു മുതൽ സംഘടിപ്പിച്ചു വരുന്ന വ്യത്യസ്ത ആത്മീയ ബോധന പരിപാടികളുടെ സമാപനവും വിശ്വാസികളുടെ മഹാ സംഗമവും വെള്ളിയാഴ്ചയാണ്. പ്രാർത്ഥനാ സമ്മേളന പരിപാടികൾക്ക് നാളെതുടക്കമാകും.
രാവിലെ പത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, കെ പി എച്ച് തങ്ങൾ കാവനൂർ, സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബുർറഹ്മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, പ്രൊഫ. കെ എം എ റഹീം, മുഹമ്മദ് മാസ്റ്റർ പറവൂർ, മുഹമ്മദ് ശരീഫ് നിസാമി മഞ്ചേരി പ്രഭാഷണം നടത്തും. പ്രാർത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന ഇഅ്തികാഫ് ജൽസക്കും വ്യാഴാഴ്ച തുടക്കമാകും.
ഉച്ചക്ക് 12ന് നടക്കുന്ന അസ്മാഉൽ ഹുസ്‌ന മജ്‌ലിസിന് സയ്യിദ് അബ്ദുർറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ നേതൃത്വം നൽകും. തുടർന്ന് കർമശാസ്ത്ര മുഖാമുഖം നടക്കും. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നേതൃത്വം നൽകും. വെള്ളിയാഴ്ച പുലർച്ചെ നാലിന് നടക്കുന്ന ആത്മീയ മജ്‌ലിസോടെ സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഖുർആൻ പാരായണം, അബ്ദുസ്സലാം ബാഖവി പൊടിയാടിന്റെ ഹദീസ് പഠന ക്ലാസ് എന്നിവ നടക്കും. രാവിലെ ആറിന് നടക്കുന്ന ഹിസ്ബ് ക്ലാസിന് ഖാരിഅ് അസ്‌ലം സഖാഫി മൂന്നിയൂർ നേതൃത്വം നൽകും. റമളാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ: ഖുതുബ, പ്രഭാഷണം എന്നിവക്ക് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. രാത്രി ഒമ്പതിന് പ്രധാന വേദിയിൽ പ്രാർത്ഥനാ സമ്മേളന സമാപന പരിപാടികൾക്ക് തുടക്കമാകും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഭീകരവിധ്വംസക പ്രവണതകൾക്കെതിരെയുള്ള പ്രതിജ്ഞ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ചൊല്ലിക്കൊടുക്കും.സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ഫോഴ്‌സ്, മെഡിക്കൽ വിംഗുകൾ ഉൾപ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെൽപ്പ് ലൈൻ കൗണ്ടറുകൾ പ്രവർത്തിക്കും.