തേഞ്ഞിപ്പലം: ചെള്ള് പനി മരണം സ്ഥിരീകരിക്കപ്പെട്ട ചേലേമ്പ്രയിൽ ജില്ലാ മെഡിക്കൽ സംഘം പരിശോധന നടത്തി. കഴിഞ്ഞ 17 നാണ് ചെള്ള് പനി ബാധിച്ച് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകയായ പനയപ്പുറത്ത് പുറായ് പി ഉഷ (58) മരിച്ചത്. കഴിഞ്ഞ 24 നാണ് മരണ കാരണം ചെള്ള് പനിയാണെന്നുള്ള മെഡിക്കൽ റിപ്പോർട്ട് വന്നത്. ഒന്നര വർഷം മുൻപ് ഡെങ്കിപ്പനി മരണവും മാസങ്ങൾക്ക് മുമ്പ് മഞ്ഞപ്പിത്തവും കണ്ടെത്തിയ ചേലേമ്പ്രയിൽ ചെള്ള് പനി മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഏറെ ആശങ്കയിലായിരുന്നു. മരണം ചെള്ള് പനി മൂലമാണെന്ന് റിപ്പോർട്ട് വന്നതോടെ ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റേയുംനേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്ത് തുടരുന്നത്. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ജില്ലാ മെഡിക്കൽ സംഘം ചൊവ്വാഴ്ച രാവിലെയാണ് ചേലേമ്പ്രയിലെത്തിയത്. ബയോളജിസ്റ്റ് എൻ. ശ്രീകൃഷ്ണകുമാർ, എച്ച്.എസ് പി.കെ രാമദാസ്, ഇൻസെക്ട് കലക്ടർമാരായ സി.ശശിധരൻ, കെ.അനിരുദ്ധൻ, ഫീൽഡ് അസിസ്റ്റന്റ് വി.രാജേഷ്, ഫീൽഡ് വർക്കർമാരായ ദിനേശ് ബാബു, ബിനീഷ്, രാജു, ശങ്കരൻ, എന്നിവരടങ്ങുന്ന ജില്ലാ മെഡിക്കൽ സംഘമാണ് പ്രദേശത്ത് ബോധവൽക്കരണമുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായു എത്തിയത്. ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജമീല, മെഡിക്കൽ ഓഫീസർ വി.ആർ അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി ഗിരീഷ്, ജെ.എച്ച്.ഐ ടി.എം വിനോദ് എന്നിവരും ജില്ലാ മെഡിക്കൽ സംഘത്തോടൊപ്പം സ്ഥലത്തെത്തിയിരുന്നു. മരണം നടന്ന വീട്ടിലും സമീപ പ്രദേശങ്ങളിലും മരുന്ന് തളിക്കുകയും മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.