മനുഷ്യൻ അവന്റെ സംശുദ്ധമായ സ്വഭാവങ്ങളുടെ പരിപൂർണത നേടലായിരുന്നു റംസാന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. കരുണ, ദയ, വിനയം, ക്ഷമ, മിതത്വം തുടങ്ങിയ നന്മയുടെ അടയാളങ്ങളെ നമുക്ക് എത്രമാത്രം സ്വാംശീകരിക്കാനായി എന്ന വിചാരണ ഓരോരുത്തരും നടത്തണം. റംസാൻ വിട പറയാൻ ഇനി രണ്ടു മൂന്ന് ദിവസങ്ങളേ ബാക്കിയുള്ളൂ. ഇനിയും അത്തരത്തിലൊരു സ്വഭാവമാർജിച്ച വ്യക്തിത്വം നമ്മിൽ രൂപപ്പെട്ടിട്ടില്ലെങ്കിൽ നമ്മുടെ ഈ റംസാൻ വേണ്ടത്ര വിജയം കൊണ്ടോയെന്നു സംശയമാണ്.
മനുഷ്യൻ ഒരു സമൂഹ ജീവിയാണെന്നതിനാൽ തന്നെ അപരനെ അറിയാനും അവന്റെ പ്രയാസങ്ങൾ ഉൾക്കൊള്ളാനും മനുഷ്യരെ പ്രേരിപ്പിക്കലാണ് പട്ടിണിയുടെ സാമൂഹ്യധർമ്മം. ഇതേ പട്ടിണിയും ക്ഷീണവുമാണല്ലോ വഴിവക്കിലുള്ള പാവപ്പെട്ടവനും അനുഭവിക്കുന്നത് എന്ന തിരിച്ചറിവ് കരസ്ഥമാകുന്നു. ശരീരേച്ഛകൾക്ക് തടയിടാനാകുന്നു. അഹന്ത, ദേഷ്യം, അധികാരമോഹം, ധനമോഹം തുടങ്ങിയ മനുഷ്യന്റെ ശരീരേച്ഛകൾക്ക് തടയിടാൻ മനുഷ്യനെ സജ്ജമാക്കണം. അപരനെ മറന്നുകൊണ്ട് സ്വന്തം താത്പര്യങ്ങൾക്കും സുഖസൗകര്യങ്ങൾക്കും മുൻഗണന നൽകുകയും തന്റെ ഇച്ഛ നടപ്പിലാകാൻ മറ്റാരെയും ഗൗനിക്കാതെ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തിൽ അരാജകത്വങ്ങളും അതിക്രമങ്ങളും വളർന്നുവരിക. ശരീരേച്ഛകൾക്ക് ശക്തമായ കടിഞ്ഞാണിടുന്നതിലൂടെ പിന്നെ അവന് ശരീരത്തെ നിയന്ത്രിക്കാനും ഏതാണ് ഉചിതമെന്ന് തീരുമാനിച്ച് പ്രവർത്തിക്കാനുമാകുന്നു.
റംസാൻ വിട്ടൊഴിയുന്നതിനു മുമ്പ് ഇത്തരം സ്വഭാവങ്ങളെ ആർജിക്കാനുളള അവസാന അവസരമാണ് ലൈലത്തുൽ ഖദർ. റംസാനിലെ സുപ്രധാന ഭാഗവും ഇതുതന്നെ. സമൂഹത്തെ ഒന്നടങ്കം മാനവികത പഠിപ്പിക്കാനും സംസ്‌കാര സമ്പന്നരാക്കാനും ലോകത്തേക്ക് അവതരിച്ച വിശുദ്ധ ഖുറാൻ സ്രഷ്ടാവിൽ നിന്ന് സൃഷ്ടികളിലേക്ക് അവതരിച്ച ദിനമാണ് ലൈലത്തുൽ ഖദർ. ഒരുരാത്രിക്ക് ആയിരം മാസങ്ങളെക്കാൾ മഹത്വമുണ്ടെന്നു വിശ്രുതമായ മാസം. റംസാനിലെ അവസാന പത്തുദിനങ്ങളിലെ ഒറ്റരാവുകളാണ് ലൈലത്തുൽ ഖദറിനു സാദ്ധ്യതയുള്ള ദിനങ്ങൾ. അതിൽ ഏറ്റവും സാദ്ധ്യതയുള്ള ദിനം റംസാൻ ഇരുപത്തി ഏഴാം രാവിലാണ്. അതിനാൽ തന്നെ അന്നു എല്ലാ വിശ്വാസികളെയും മലപ്പുറം സ്വലാത്ത് നഗറിൽ ഒരുമിച്ചു കൂട്ടുകയും ഇത്തരം വിഷയങ്ങളിൽ ഉത്ബോധനം നൽകുകയും വർഷങ്ങളോളമായി ചെയ്യാറുണ്ട്.
അന്നു നടക്കുന്ന പ്രധാനമായ ഒരു ഇനം ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും ഭീകരവാദ വിരുദ്ധ ബോധവത്കരണവുമാണ്. വിശുദ്ധ ഖുറാൻ മുൻനിറുത്തി ഖുറാൻ ഇറങ്ങിയ മാസം ഇസ്‌ലാമിന്റെ യഥാർത്ഥ മുഖമായ സമാദാനത്തെ സ്വീകരിക്കാനും നിലനിറുത്താനും ഉദ്‌ബോദിപ്പിക്കുന്നു.
അതുപോലെ പ്രധാനപ്പെട്ട ഒന്ന് ഖുറാൻ അനുസരിച്ച് ജീവിതം ക്രമീകരിക്കലാണ്. ഖുറാൻ ഇറങ്ങിയ മാസവും ദിവസവും നോമ്പനുഷ്ടിച്ചും മറ്റു നല്ല പ്രവർത്തനങ്ങളിലൂടെയും ആഘോഷിക്കുന്നതിന്റെ പ്രധാന സന്ദേശം ഈ ഖുറാൻ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തലാണ്. അക്രമങ്ങളും അരാജകത്വങ്ങളും സ്വഭാവങ്ങളായി രൂപംകൊണ്ട ആറാം നൂറ്റാണ്ടിലെ അപരിഷ്കൃത ജനതയെ 'നീ വായിക്കുക' എന്ന അഭിസംബോധനയോടെ ഇറങ്ങി മാറ്റം കൊണ്ടുവന്ന ഖുറാൻ എല്ലാകാലത്തെയും ജനതയുടെ മാർഗ ഭൃംശങ്ങൾക്ക് ഉചിതമമായ പ്രതിവിധിയാണ്. നിത്യമായി ഈ ഗ്രന്ഥം പാരായണം ചെയ്യുകയും വളച്ചൊടിക്കലുകളും മാറ്റിത്തിരുത്തലുകളുമില്ലാത്ത അതിന്റെ ശരിയായ ആശയം ഗ്രഹിക്കലും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തലുമാണ് പ്രധാനമായും ചെയ്യേണ്ടത്. റംസാൻ നമ്മിൽ നിന്ന് വിട്ടൊഴിഞ്ഞാലും റംസാനിലെ നന്മകളെ ജീവിതത്തിൽ മുറുകെ പിടിക്കണം. അതു ജീവിതത്തിൽ പുലർത്തിയും മറ്റുള്ളവരിലേക്ക് പകർന്നും പ്രകാശിക്കുന്ന വിളക്കുമാടങ്ങളാകണം.
(റംസാനിൽ ഏറ്റവും വലിയ 27-ാം രാവ് സംഗമം നടക്കുന്ന മഅ്ദിൻ അക്കാഡമിയുടെ ചെയർമാനും കേരള മുസ്ലിം ജമാ അത്ത് ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)