മലപ്പുറം: മിറാക്കിൾ ഗാർഡനടക്കം രണ്ട് കോടിയോളം രൂപയുടെ പദ്ധതികളുമായി കോട്ടക്കുന്ന് പാർക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നു. കോട്ടക്കുന്ന് സന്ദർശിക്കാനെത്തുന്നവർക്ക് പുത്തൻ കാഴ്ച്ചകളും സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കി ഒരുമാസത്തിനകം ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ച നടപ്പാതയോട് കൂടിയ മിറാക്കിൾ ഗാർഡൻ കാഴ്ച്ചക്കാരുടെ മനം കവരും. 17തരം ചെടികൾ കൊണ്ടാണ് മിറാക്കിൾ ഗാർഡൻ ഒരുക്കിയിട്ടുള്ളത്. നൂറോളം വ്യത്യസ്ത റോസ് ചെടികളും ഇവിടെയുണ്ട്. ഗാർഡനോട് ചേർന്നുള്ള സൈക്കിൾ ട്രാക്ക് ഇതിനകം തന്നെ സന്ദർശകർക്ക് തുറന്ന് നൽകിയിട്ടുണ്ട്.
കോട്ടക്കുന്നിലെത്തുന്നവരെ പ്രധാനമായും വലച്ചിരുന്ന കുടിവെള്ളക്ഷാമത്തിന് പുതിയ കിണർ നിർമ്മിച്ചതോടെ പരിഹാരമായി. ചെടികൾക്കായി പോയിന്റ് ടു പോയിന്റ് ജലസേചന സൗകര്യവുമൊരുങ്ങി.സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ പദ്ധതിയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് നിർമ്മാണം നടത്തുന്നത്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കോട്ടക്കുന്നിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതും കൂടുതൽ കാഴ്ച്ചാ അനുഭവങ്ങൾ ഒരുക്കുന്നതും ഓരോ വർഷവും ഇവിടെയെത്തുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്.
റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും അനുഗ്രഹമായി. കുട്ടികളുമായെത്തുന്ന കുടുംബങ്ങളെ ആകർഷിക്കാനായി തുടങ്ങിയ വിവിധ പദ്ധതികൾക്കും ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആഘോഷ ദിവസങ്ങളിൽ പതിനായിരങ്ങളാണ് കോട്ടക്കുന്ന് സന്ദർശിക്കാറുള്ളത്. ചെറിയ പെരുന്നാളിനെത്തുന്ന വലിയ ജനക്കൂട്ടത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കോട്ടക്കുന്നിലെ ജീവനക്കാർ.