മലപ്പുറം: പുത്തൻ അദ്ധ്യയന വർഷം ഇങ്ങെത്തിയിരിക്കെ കുട്ടികളെ സ്കൂളിലേക്ക് അയക്കാനുള്ള രക്ഷിതാക്കളുടെ തിരക്കിൽ സ്കൂൾ വിപണിയും സജീവമാകുന്നു. നോമ്പിനെ തുടർന്ന് മന്ദഗതിയിലായ വിപണിയിൽ തിരക്ക് വർദ്ധിച്ചതിന്റെ ആശ്വാസത്തിലാണ് കച്ചവടക്കാർ. സപ്ലൈകോ, സഹകരണ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ന്യായവില കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്.
ബാഗുകളിൽ കുട്ടികളുടെ
പ്രിയതാരങ്ങൾ
ഡോറയും സ്പൈഡർമാനും ബുജിയുമടക്കം കാർട്ടൂൺ കഥാപാത്രങ്ങളാണ് കുട്ടികളുടെ പ്രിയ താരങ്ങളെന്നതിനാൽ ബാഗുകളിലും കുടകളിലും നോട്ട്ബുക്കുകളുടെ പുറംചട്ടയിലും വരെ ഇവർ ഇടം പിടിച്ചിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങളിൽ നിന്ന് വിട്ടുനിന്ന മുൻനിര കമ്പനികൾ പോലും കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പമാണ്. 500 രൂപ മുതലാണ് ബാഗുകളുടെ വില തുടങ്ങുന്നത്. ഭംഗിക്കൊപ്പം ഈട് കൂടി നിൽക്കുന്ന ബാഗുകൾക്ക് വില അൽപ്പം കൂടി നൽകണം. വ്യത്യസ്ത കളർ പാറ്റേണുകളിലുള്ള ബാഗുകളാണ് മുതിർന്ന കുട്ടികൾക്കായുള്ളത്.
കാലൻകുടകളും ഫാഷൻ
തന്നെ
പല കളറുകളിലുള്ള, കാർട്ടൂൺ കഥാപാത്രങ്ങളടങ്ങിയ കുടകളോടാണ് ചെറിയ കുട്ടികൾക്ക് താത്പര്യം. 200 രൂപയ്ക്കുള്ളിൽ ഇത്തരം കുടകൾ ലഭിക്കും. ചൈനീസ് കുടകളും ഇക്കൂട്ടത്തിലുണ്ട്. കാലൻ കുടയ്ക്ക് പിന്നിലെയോടുന്ന കൗമാരക്കാരുടെ ട്രെന്റിന് ഇത്തവണയും കുറവ് വന്നിട്ടില്ല. വ്യത്യസ്തമായ കാലൻ കുടകൾ വിപണിയിൽ ലഭ്യമാണ്. മഴയെത്തുന്നതിന് തൊട്ട് മുമ്പ് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിൽപ്പനക്കാരുടെ കാലൻ കുടകളുമെത്തും. വലിപ്പക്കൂടുതലും വിലക്കുറവും വ്യത്യസ്ത ലുക്കും മൂലം ഇതിന് ആവശ്യക്കാർ ഏറെയാണ്. നല്ല കാറ്റടിക്കുന്ന സമയങ്ങളിൽ കുടകൾ മലക്കം മറിയുന്നതാണ് ന്യൂനത
.
പ്രകൃതി സൗഹൃദ വാട്ടർ
ബോട്ടിൽ
പരിസ്ഥിതി, ആരോഗ്യ സൗഹൃദ വാട്ടർ ബോട്ടിലുകളെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആശയം രക്ഷിതാക്കളും കുട്ടികളും ഒരുപോലെ സ്വീകരിച്ചതിന്റെ തെളിവാണ് വിപണിയിൽ സ്റ്റീൽ, അലുമിനിയം വാട്ടർ ബോട്ടിലുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം. അതേസമയം പൂർണ്ണമായും സ്റ്റീൽ ഉൾപ്പെടുത്താത്ത വാട്ടർ ബോട്ടിലുകളും ഇടംപിടിച്ചിട്ടുണ്ട്. 150 രൂപ മുതൽ 250 രൂപ വരെയാണ് വില. അതേസമയം ഗുണമേന്മയുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്ക് 500രൂപ വരെ നൽകേണ്ടി വരും.