മലപ്പുറം: ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ ഇന്ന് സ്വലാത്ത് നഗറിൽ ജനസാഗരം തീർക്കും. രണ്ട് ദിവസത്തെ പ്രാർത്ഥനാ സമ്മേളന പരിപാടികൾ ഇന്നലെ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൾ ഖാദിർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം, അബ്ദുള്ള അഹ്സനി ചെങ്ങാനി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെരീഫ് നിസാമി മഞ്ചേരി, സി.ടി. മുഹമ്മദ് മുസ്ലിയാർ, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൾ ജലീൽ സഖാഫി കടലുണ്ടി, ലുക്മാനുൽ ഹക്കീം സഖാഫി പുല്ലാര, ദുൽഫുഖാറലി സഖാഫി, അബ്ദു ഹാജി വേങ്ങര എന്നിവർ പ്രസംഗിച്ചു.
വ്യത്യസ്തങ്ങളായ ആത്മീയ വൈജ്ഞാനിക പരിപാടികളും നടന്നു. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, പൊന്മള അബ്ദുൾ ഖാദിർ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാർത്ഥനാ സമ്മേളന സമാപന ദിന പരിപാടികൾക്ക് ഇന്ന് പുലർച്ചെ നാലിന് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടക്കുന്ന ആത്മീയ സദസോടെ തുടക്കമാകും. വൈകിട്ട് നാലിന് ഖത്മുൽ ഖുർആൻ, പ്രാർത്ഥന . തുടർന്ന് മഅ്ദിൻ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളുടെ ബുർദ ആലാപനം. വൈകിട്ട് സമൂഹ ഇഫ്താർ.
രാത്രി ഒമ്പതിന് പ്രധാന വേദിയിൽ പ്രാർത്ഥനാ സമ്മേളന സമാപന പരിപാടികൾക്ക് തുടക്കമാകും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഭീകര, വിധ്വംസക പ്രവണതകൾക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഹെൽപ്പ് ലൈൻ നമ്പർ: 9633158822, 9645600072