തൊടുപുഴ: വിറ്റകാറിന് മുഴുവൻപണവും ലഭിച്ചില്ലെന്നപേരിൽവാഹനം കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ. തിരുനാവായ ചെറുപറമ്പിൽ ഷബീറാണ് (35) അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഷബീറിന്റെ ബന്ധു തൊടുപുഴ സ്വദേശിക്ക് ഫോർച്ച്യൂണർ കാർ 14 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. വണ്ടി വാങ്ങിയ തൊടുപുഴ കെ.കെ.ആർ ജംഗ്ഷൻ കണിയാംപറമ്പിൽ ജിബു കെ. ജമാൽ 13,50,000 രൂപയാണ് നൽകിയത്. വണ്ടിയുടെ ആർ.സി ബുക്കും രേഖകളും നൽകുമ്പോൾ ബാക്കി 50,000 രൂപ നൽകാമെന്നായിരുന്നു കരാർ. എന്നാൽ ബാക്കി പണം നൽകാൻ ജിബുവിനായില്ല. തുടർന്ന് ഷബീറും മറ്റ് രണ്ട് കൂട്ടാളികളും ചേർന്ന് ജിബുവിന്റെ വീട്ടിൽ നിന്ന് കാർ കടത്തിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷബീർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തൊടുപുഴ പൊലീസ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിബു രണ്ടര ലക്ഷം രൂപയോളം നൽകാനുണ്ടെന്നാണ് ഷബീർ പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു.