മഞ്ചേരി:പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ, ലഹരി മാഫിയയുടെ അതിപ്രസരം ജില്ലയ്ക്കു ഭീഷണിയാവുന്നു. ഇന്നലെ പത്തു ലക്ഷം രൂപ വിലവരുന്ന ഹാൻസ് ശേഖരംനാർക്കോട്ടിക്സ് വിഭാഗം പിടിച്ചെടുത്തിരുന്നു. സ്കൂൾ തുറക്കാനിരിക്കെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇതെത്തിച്ചതെന്നാണ് നിഗമനം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിപണന മാഫിയകളെ തുരത്താൻ കാര്യക്ഷമമായ പദ്ധതികളൊന്നും പൊലീസിൽ നിന്നോ എക്സൈസ് വകുപ്പിൽ നിന്നോ ഉണ്ടായിട്ടില്ല. ഈ വർഷം 40.13 കിലോഗ്രാം കഞ്ചാവാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയത്. ഇതിൽ 12 കിലോഗ്രാമും മഞ്ചേരിയിൽ നിന്നാണ്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായാണ് ഇതെത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. മുൻവർഷങ്ങളിൽ ബ്രൗൺഷുഗറും പിടിച്ചെടുത്തിരുന്നു. വീര്യമേറിയ ഹാഷിഷിന്റെ ഉപയോഗത്തിലും ജില്ല മുന്നിലാണ്. 2017ൽ 5.62 ഗ്രാം ഹാഷിഷാണ് പിടിച്ചെടുത്തതെങ്കിൽ 2018ൽ ഇത് 9.025 ഗ്രാമായി. ഈ വർഷം ഏപ്രിൽ 30 വരെ 20 ഗ്രാം ഹാഷിഷാണ് പൊലിസ് പിടിച്ചത്. ലഹരി മരുന്നു ഉപയോഗത്തിലും വ്യാപകമായ വർദ്ധനവുണ്ട്. ഈ വർഷം ഏപ്രിൽ 31 വരെ 1.2 കിലോഗ്രാം എം.ഡി.എം.എ മരുന്നുകളാണ് മഞ്ചേരി പൊലീസ് മാത്രം പിടിച്ചെടുത്തത്. ഉന്നത പഠനത്തിലേർപ്പെടുന്ന വിദ്യാർത്ഥികളെയാണ് ലഹരി മാഫിയ വലവീശുന്നത്. ഇവരിലൂടെ കൂടുതൽ പേരെ കണ്ണി ചേർക്കും. മാഫിയക്കെതിരെ ഫലപ്രദമായനീക്കം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.