മഞ്ചേരി: പ്രമുഖ കമ്പനികളുടെ ബ്രാൻഡിൽ വ്യാജ വസ്ത്രങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയിൽ മഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്നു സ്ഥാപന ഉടമകൾ അറസ്റ്റിൽ .
മഞ്ചേരി തുറക്കലിലെ സ്ഥാപന ഉടമ പാലക്കാട് തിരുവേഗപ്പുറ സ്വദേശി പള്ളിയിൽ ഷഫീഖ് (25), 22ാം മൈലിലെ സ്ഥാപന ഉടമകളായ പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശികളായ ചോലമുഖത്ത് മുഹമ്മദ് ഷഫീക് (30), കുറ്റിക്കോടൻ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
അലൻ സോളി, ലൂയി ഫിലിപ്പ്, വാൻ ഹ്യൂസെൻ എന്നീ ബ്രാൻഡഡ് കമ്പനികളുടെ വ്യാജ വസ്ത്രങ്ങൾ വിൽപനനടത്തുന്നുവെന്ന് കാണിച്ച് കമ്പനി മാനേജർ രഘുവാണ് പൊലീസിൽ പരാതി നൽകിയത്.
കമ്പനി അധികൃതർ നേരിട്ട് ഷോപ്പുകളിലെത്തി പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷമാണ് പൊലീസിനെ സമീപിച്ചത്.
പെരുന്നാൾ വിപണിയെ ലക്ഷ്യമിട്ടാണ് വസ്ത്രങ്ങൾ എത്തിച്ചതെന്നാണ് സൂചന. 550 രൂപ മുതലാണ് വസ്ത്രങ്ങൾ വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കോട്ടയ്ക്കൽ, വളാഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലും പരിശോധന നടത്തി ഷർട്ടുകൾ പിടിച്ചെടുത്തിരുന്നു.
മഞ്ചേരി സി.ഐ.എൻ.ബി.ഷൈജു, എസ്.ഐ ഇ.ആർ ബൈജു, എ.എസ്.ഐ ശ്രീരാമൻ, സിവിൽ പൊലീസ് ഓഫീസർ ശ്രീലാൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.