മലപ്പുറം: ജില്ലയിൽ മഴക്കാലത്ത് വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ക്വിക്ക് റസ്പോൺസ് ടീം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജില്ലാ തല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തിൽ അറിയിച്ചു. ഓരോ ഇലക്ട്രിക്കൽ സെക്ഷനിലും മേൽനോട്ടത്തിനായി ഒരു എൻജിനീയറെചുമതലപ്പെടുത്തി. പരാതികളുള്ളവർക്ക് 1912 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. തെരുവ് വിളക്കുകൾ പകൽസമയങ്ങളിൽ കത്തുന്നുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം. വൈദ്യുതി കമ്പി പൊട്ടി വീഴുന്നതുൾപ്പെടെയുള്ള അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ 9496061061 എന്ന നമ്പറിൽ വിളിക്കാം. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എ.ഡി.എം.ടി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള ജോലികളിൽ ഏർപ്പെടുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈദ്യുതി ലൈനിനടുത്ത് തോട്ടികളുപയോഗിച്ച് അശ്രദ്ധമായി ജോലികൾ ചെയ്യുക, പരസ്യ ബോർഡുകളും മറ്റു അശ്രദ്ധമായി സ്ഥാപിക്കുക എന്നിവ അടുത്ത കാലത്ത് അപകടങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. പരസ്യ ബോർഡുകളും മറ്റും അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിൽ പഞ്ചായത്ത് അധികൃതരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗം വിളിക്കും. 66 കിലോവാട്ടും അതിനു മുകളിലും വൈദ്യുതി കടത്തിവിടുന്ന ലൈനിന് സമീപം കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതിയില്ലാത്തതിനാൽ ഇതിന്റെ വ്യവസ്ഥകൾ തദ്ദേശ സ്ഥാപനങ്ങളെ ബോദ്ധ്യപ്പെടുത്തും. കല്ല്യാണത്തിനും മറ്റുമുള്ള താത്കാലിക പരിപാടികൾക്ക് കെ.എസ്.ബി.യുടെ അനുതി നിർബന്ധമായി വാങ്ങണം.
അശ്രദ്ധമൂലം നഷ്ടമായത് 25 ജീവൻ
അശ്രദ്ധമൂലം കഴിഞ്ഞ വർഷം ജില്ലയിൽ വൈദ്യുതി അപകടത്തിൽ മരിച്ചത് 25 പേരാണ്. 2018 ഏപ്രിൽ മുതൽ ഇതുവരെയുള്ള കണക്കാണിത്.
വൈദ്യുതി ലൈനുമായി അശ്രദ്ധമൂലം ബന്ധപ്പെട്ട് 15 പേർക്കാണ് ജീവൻ നഷ്ടപെട്ടത്.
ലോഹ തോട്ടി ഉപയോഗിച്ച് ലൈനിനു സമീപം പ്രവൃത്തികൾ ചെയ്യുക, ജൈവ വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുക തുടങ്ങിയവയാണ് കൂടുതലും അപകടത്തിന് കാരണമായത്.
മറ്റ് പല കാരണങ്ങളാൽ 10 പേർക്കും ജീവൻ നഷ്ടമായി. 19 പേർക്ക് പല രീതിയിലുള്ള അപകടങ്ങളും പറ്റിയിട്ടുണ്ട്.. ഈ കാലയളവിൽ അഞ്ച് മൃഗങ്ങൾക്ക് ജീവനും നഷ്ടമായതായി കണക്കുകൾ സൂചിപ്പിക്കുന്നു.