മഞ്ചേരി: റംസാൻ അവസാന നാളുകളിലെത്തി നിൽക്കേ വ്യാപാരമേഖല നിരാശയിലാണ്. സ്കൂൾ തുറക്കലും പെരുന്നാളും ഒപ്പമെത്തിയപ്പോൾ വലിയ കുതിപ്പാണ് വിപണി പ്രതീക്ഷിച്ചത്.എന്നാൽ സ്കൂൾ വിപണി പതിവുപോലെ പൊടിപൊടിക്കുമ്പോൾ വസ്ത്രവ്യാപാര മേഖലയടക്കമുള്ളിടങ്ങളിൽ തിരക്ക് കുറവാണ്. പുത്തൻ അദ്ധ്യയന വർഷത്തിലേക്ക് കുട്ടിയെ ഒരുക്കാനുള്ള ചെലവ് കുടുംബബഡ്ജറ്റിന്റെ താളം തെറ്റിച്ചതാണ് പെരുന്നാൾ വിപണിയെ ബാധിച്ചതെന്ന് കച്ചവടക്കാർ പറയുന്നു. പ്രതീക്ഷിച്ച കച്ചവടവും വരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. അവസാന ദിവസങ്ങളിൽ വലിയ കുതിപ്പുണ്ടായില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് വ്യാപാരികൾ.
വസ്ത്ര വ്യാപാര മേഖലയാണ് പ്രതിസന്ധി രൂക്ഷം. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് വൻതോതിൽ ഉത്പന്നങ്ങളെത്തിച്ച സാധാരണക്കാരായ വ്യാപാരികൾ നിരാശയിലാണ്. സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും പുതിയ ട്രെന്റിനനുസരിച്ച് വലിയ തോതിൽ എത്തിച്ചിരുന്നു. സീസൺ കഴിഞ്ഞാൽ ഡിമാൻഡ് കുറയുമെന്നതിനാൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗുകളുടെയും കുടകളുടെയും നോട്ട് ബുക്കുകളുടെയും വിൽപ്പന മുൻകാലങ്ങളിലേതു പോലെ ഉഷാറാണ്.
സൗദി അറേബ്യയിലടക്കമുള്ള സ്വദേശിവത്കരണം ശക്തമായതിനാൽ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചത് സൃഷ്ടിച്ച സാമ്പത്തികമായ തളർച്ചയാണ് വിപണിയിലെ മാന്ദ്യത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.