പൊന്നാനി: ചൈനീസ് ചായയും കുലുക്കി സർബത്തും തരംഗം തീർത്ത പാനീയ വിപണിയിൽ പുത്തൻ രംഗപ്രവേശവുമായി ഫുൾജാർ സോഡ. നോമ്പ്തുറയ്ക്ക് ശേഷം ദഹനത്തിനും ക്ഷീണം തീർക്കാനുമുള്ള പാനീയമെന്ന പരിചയപ്പെടുത്തലോടെയാണ് ഫുൾജാർ സോഡ പെരുന്നാൾ വിപണിയിൽ സജീവമായിരിക്കുന്നത്.പൊതീന ഇല, ഇഞ്ചി, കാന്താരിമുളക്, വേപ്പില, കസ്കസ്, കറുവപ്പട്ട, ചെറുനാരങ്ങ നീര്, നറുനീണ്ടി, തേൻ, ഉപ്പ്, പഞ്ചസാര ലായനി തുടങ്ങിയവയാണ് ഫുൽജാർ സോഡയിലെ പ്രധാന ചേരുവകൾ. ഇവയെല്ലാം ഒരു ചെറിയ ഗ്ലാസിൽ മിശ്രണം ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇറക്കിവയ്ക്കുന്നു. സോഡ ചെറിയ ഗ്ലാസിലെ മിശ്രണ ലായനിയിൽ ചേരുന്നതോടെ ഗ്ലാസിന് പുറത്തേക്ക് പതഞ്ഞ് പൊങ്ങും. നുരങ്ങുപൊങ്ങുന്ന സമയത്ത് ഒറ്റവലിക്ക് കുടിക്കുകയാണ്ചെയ്യുക. മധുരവും എരിവും ചവർപ്പും ചേർന്നതാണ് സോഡ. സോഡയുടെ രുചി അറിയാൻ എത്തുന്നവരുടെ തിരക്കു കാരണം ഏറെ നേരം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്.
ആള് ഉത്തരേന്ത്യക്കാരനാണ്
ഉത്തരേന്ത്യയിൽ നിന്നാണ് ഫുൾജാർ സോഡയുടെ കേരളത്തിലേക്കുള്ള വരവ്. കോഴിക്കോട്ടായിരുന്നു തുടക്കം.
പൊന്നാനിയിലെ പ്രധാന പെരുന്നാൾ വിപണിയായ ചന്തപ്പടി മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് അര ഡസനോളം ഫുൾജാർ സോഡ കോർണറുകളുണ്ട്.
കഴിഞ്ഞ വർഷം ചൈനീസ് ചായയാണ് പൊന്നാനിക്കാർക്ക് അത്ഭുതം തീർത്തതെങ്കിൽ ഇത്തവണ ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് ഫുൾജാർ സോഡയാണ്
പാതയോരങ്ങളിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയാണ് ഫുൾജാർ സോഡയുടെ വിപണനം. നോമ്പ് തുറന്ന ശേഷം എട്ടു മണിയോടെ സോഡ കോർണറുകൾ സജീവമാകും. രാത്രി രണ്ടു മണി വരെ വിൽപ്പന തുടരും.
30
രൂപയാണ് ഒരു ഗ്ലാസ് ഫുൾ ജാർ സോഡയ്ക്ക് വില