മലപ്പുറം: ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി വിശ്വാസികൾ സ്വലാത്ത് നഗറിൽ പ്രാർത്ഥനാ സാഗരം തീർത്തു. പ്രാർത്ഥനാ സമ്മേളനത്തിന്റെ പ്രധാന നഗരിയും ഗ്രാൻഡ് മസ്ജിദും വൈകുന്നേരത്തോടെ തന്നെ നിറഞ്ഞ് കവിഞ്ഞിരുന്നു.
പ്രധാന വേദിയിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.
സമാപന പരിപാടികൾക്ക് ഇന്നലെ പുലർച്ചെ നാലിന് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ആത്മീയ സദസോടെയാണ് തുടക്കമായത്. വൈകിട്ട് ആയിരം തഹ്ലീൽ ഉരുവിട്ട ഹദ്ദാദ് റാത്തീബിനും പ്രാർത്ഥനയ്ക്കും കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ നേതൃത്വം നൽകി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ലൈലത്തുൽ ഖദ്ർ സന്ദേശ പ്രഭാഷണം നടത്തി.
ഭീകരതക്കെതിരെയുള്ള പ്രതിജ്ഞയ്ക്കും തൗബ, സമാപന പ്രാർത്ഥന എന്നിവയ്ക്കും സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി.
സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര, വയനാട് ഹസൻ മുസ്ലിയാർ, കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, അബുഹനീഫൽ ഫൈസി തെന്നല, സി. മുഹമ്മദ് ഫൈസി, കെ.പി മുഹമ്മദ് മുസ്ലിയാർ കൊപ്പം, പ്രൊഫ. എ.കെ. അബ്ദുൾ ഹമീദ്, ഡോ. എ.പി. അബ്ദുൾ ഹക്കീം അസ്ഹരി, എ.പി അബ്ദുൾ കരീം ഹാജി, മൻസൂർ ഹാജി ചെന്നൈ തുടങ്ങിയവർ സംബന്ധിച്ചു.