മലപ്പുറം: ജില്ലയിൽ മൂന്ന് മാസത്തിനിടെ പുകയില നിയന്ത്രണ നിയമമായ കോട്പ പ്രകാരം പിടികൂടിയത് 1,539 പേരെ. ഇവരിൽ നിന്നായി 3,10,000 രൂപ പിഴയീടാക്കി. ജനുവരിയിൽ 554 പേരിൽ നിന്നായി 1,16,400,ഫെബ്രുവരിയിൽ 446 പേരിൽ നിന്ന് 89,800, മാർച്ചിൽ 509 കേസുകളിലായി 1,03,800 രൂപ എന്നിങ്ങനെ പിഴയീടാക്കി. പാലക്കാട്, കണ്ണൂർ, എറണാകുളം ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. പരസ്യമായി പുകവലിച്ചതിനാണ് കൂടുതൽ കേസുകളും. സെക്ഷൻ ഫോർ പ്രകാരമുള്ള കേസുകളാണിത്. ഇതിന് പുറമെ കുട്ടികൾക്ക് സിഗരറ്റ് ഉത്പന്നങ്ങൾ വിറ്റതിന് 11 കേസുകളിലായി 40,300 രൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പുകയില വിറ്റതിന് 14 കേസുകളിലായി 38,700 രൂപയും ഫൈനായി ഈടാക്കി.
പുകയിലയുടെ ഉപയോഗം കാൻസർ അടക്കമുള്ള രോഗങ്ങളുടെ വർദ്ധനവിന് ഇടയാക്കുന്നുണ്ട്. ഇതിനെതിരെ ബോധവത്കരണങ്ങൾ ശക്തമാക്കുമ്പോഴും കേസുകളുടെ എണ്ണത്തിൽ വലിയ കുറവില്ല. കഴിഞ്ഞ വർഷം 6,899 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലോക പുകയില വിരുദ്ധാചരണത്തിന്റെ ഭാഗമായി കോട്പ നിയമപ്രകാരമുള്ള പരിശോധനകൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
പരിശോധന ശക്തമാക്കും
ജില്ലയിൽ എല്ലായിടത്തും കോട്പ നിയമലംഘന പരിശോധന നടത്താനും നിയമ നടപടികൾ ശക്തമാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ ഇവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനും കുടുംബാരോഗ്യ കേന്ദ്രം മേധാവികൾക്ക് ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശമേകിയിട്ടുണ്ട്.
എല്ലാ സബ്സെന്ററുകളിലും സ്പെഷൽ ക്ലിനിക്ക് സംഘടിപ്പിച്ച് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങളെ കുറിച്ച് സ്ക്രീനിംഗും ബോധവത്ക്കരണവും നടത്തും.
പുകയിലയും ശ്വാസകോശ ആരോഗ്യവുമെന്നാണ് ഈ വർഷത്തെ ലോകപുകയില വിരുദ്ധാചരണത്തിന്റെ സന്ദേശം.
കോട്പ കേസുകൾ
2013 - 49
2014 - 366
2015 - 16,920
2016 - 9,558
2017 - 7,880
2018 - 6,899