തിരൂർ: തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ സി.പി. റംല തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴിനെതിരെ എട്ടു വോട്ടുകൾക്ക് കോൺഗ്രസിലെ ദിൽഷ മൂലശ്ശേരിയെയാണ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും എൽ.ഡി.എഫിന്റെ പി. വസന്തയാണ് റംലയെ നാമനിർദ്ദേശം ചെയ്തത്. കെ. ഉമ്മർ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി ദിൽഷ മൂലശ്ശേരിയെ ആർ.കെ. ഹഫ്സത്ത് നാമനിർദ്ദേശം ചെയ്തു. പി. മുഹമ്മദാലി പിന്താങ്ങി. മലപ്പുറം എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ഡി.എസ്. ഷിബു കുമാറായിരുന്നു റിട്ടേണിംഗ് ഓഫീസർ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.പി. റംല ആലത്തിയൂർ ഡിവിഷൻ അംഗമാണ്. സി.പി. എം മുൻ തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ മുൻ ഏരിയാ ട്രഷററുമായിരുന്നു.റിട്ടേണിംഗ് ഓഫീസറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
നാടകീയ നീക്കങ്ങൾക്കൊടുവിൽ എൽ.ഡി.എഫ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണത്തിലേറിയത്. മുസ്ലിം ലീഗിലെ ആർ.കെ. ഹഫ്സത്ത് പ്രസിഡന്റും കോൺഗ്രസിലെ അഡ്വ. പി. നസറുള്ള വൈസ് പ്രസിഡന്റുമായി. പിന്നീട് മുൻധാരണയനുസരിച്ച് കോൺഗ്രസിലെ ദിൽഷ മൂലശ്ശേരി പ്രസിഡന്റായും ലീഗിലെ വി.ഇ.എ ലത്തീഫ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഇതിനിടെ പുറത്തൂർ ഡിവിഷൻ മെമ്പറായ ടി.പി. അശോകന്റെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.ഒ. ബാബുരാജ് വിജയിച്ചതോടെ യു. ഡി. എഫിന് ഭൂരിപക്ഷം നഷ്ടമായി. എന്നാൽ പ്രസിസന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കാത്തതിനെ തുടർന്ന് എൽ.ഡി. എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും മുമ്പ് പ്രസിഡന്റ് ദിൽഷ മൂലശ്ശേരി രാജി വച്ചു. വൈസ് പ്രസിഡന്റ് വി.ഇ.എ. ലത്തീഫിനെ വ്യാഴാഴ്ചഅവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി.