അഗളി: മഴക്കാലം തുടങ്ങാറായിട്ടും സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലെ നവീകരണപ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. ഇത് വരുംദിവസങ്ങളിൽ ഉദ്യാനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സഞ്ചാരികളും ജീവനക്കാരും.
കഴിഞ്ഞ വർഷത്തെ മഴയിൽ സൈലന്റ് വാലിക്കുള്ളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപ്പെട്ടലിലും അമ്പതോളം ഇടങ്ങളിലാണ് ഗതാഗതം തടസപ്പെട്ടിരുന്നത്. ചിലയിടങ്ങളിൽ റോഡ് പകുതിയും ഒലിച്ചുപോയിയിരുന്നു. കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം സഞ്ചാരയോഗ്യമല്ലാത്ത വിധം നശിക്കുകയും ചെയ്തു. ഇതേതുടർന്ന് മാസങ്ങളോളം ദേശീയ ഉദ്യാനത്തിലേക്ക് സഞ്ചാരികളെ കടത്തിവിട്ടിരുന്നില്ല. ജനുവരി മാസത്തോടെയാണ് റോഡിലുണ്ടായ തടസങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. നവീകരണം വൈകിയാൽ കാലവർഷം ആരംഭിക്കുന്നതോടെ ഗതാഗതം തടസപ്പെടാൻ ഇടയാക്കും. വിവിധയിടങ്ങളിൽ സംരക്ഷണ ഭിത്തി, റോഡ് ബലപ്പെടുത്തൽ, പാർശ്വ ഭിത്തി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കാനുള്ളത്. ടൂറിസം തടസപ്പെട്ടതോടെ ഉദ്യാനത്തിലെ കഴിഞ്ഞവർഷത്തെ വരുമാനത്തിൽ ലക്ഷങ്ങളുടെ ഇടിവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.