പാലക്കാട്: അധോലോക കേന്ദ്രങ്ങളുടെ ഉറവിടമായി സി.പി.എം മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിഥിലികരണത്തിന്റെ പാതയിലാണ് സി.പി.എം. ബംഗാൾ മോഡൽ തകർച്ച കേരളത്തിലും ആവർത്തിക്കും. സഖാവ് എന്ന പദം സി പി എമ്മിൽ ഉപയോഗിക്കാൻ അത്തിമണി അനിൽ, പി കെ ശശി, എന്നിവരെപോലെയുള്ളവർക്കു മാത്രമാണ് യോഗ്യതയുള്ളത്. അത്തിമണി അനിലിനെതിരായ കേസുകൾ സമഗ്രമായി അന്വഷിക്കണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ജനതാദൾ പ്രവർത്തകൻ സനീഷിനെ വെട്ടിയ കേസുൾപ്പടെ പുനരന്വഷണത്തിന് വിധേയമാക്കണം. സി പി എമ്മിന്റെ ശിപ്പായികളായ ഉദ്യോഗസ്ഥരാണ് അനിലിനെ പോലെയുള്ളവരെ വളർത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സി പി എം നേതാക്കളുടെ സാമ്പത്തിക ആസ്തികൾ അന്വഷണ വിധേയമാക്കണം. ക്രിമിനൽ പ്രവർത്തനമാണോ നവോത്ഥാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎം മാഫിയകളുടെ കൈയിലാണ് കേരളത്തിലെ ക്രമസമാധാന സംരക്ഷണം. നാട്ടിലെ ക്രിമിനലുകളെ പിടികൂടിയാൽ സിപിഎം സമ്മേളനങ്ങൾ ജയിലുകളിൽ നടത്തേണ്ടിവരുമെന്നും ഗോപാലകൃഷ്ണൻ കുററപ്പെടുത്തി.
കള്ളവോട്ടിന്റെ കാര്യത്തിൽ കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും പ്രതികരിക്കാത്തത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് കള്ളവോട്ടു നടന്നത്. ഇടതും വലതും മുന്നണികൾ കള്ളവോട്ടിന്റെ ആശാൻമാരാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന എല്ലാ കേന്ദ്രങ്ങളേയും സിപിഎം അട്ടിമറിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.