പാലക്കാട്: കണ്ണാടി വില്ലേജിലെ കടക്കുറുശ്ശിയിൽ വൃദ്ധദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിൽ പ്രതികൾക്ക് മൂന്ന് വർഷം കഠിനതടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കണ്ണനൂർ അമ്പാട്ട് വീട്ടിലെ ജയൻ, മാത്തൂർ തച്ചൻകാട് ആങ്കിരങ്കാട് വീട്ടിലെ അനീഷ് (അനു), കണ്ണാടി ചാത്തൻകുളങ്ങര പറമ്പ് രമേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
2013 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജു നിവാസിൽ കേശവൻ, ഭാര്യയായ ലീല എന്നിവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ലീലയുടെ കഴുത്തിലെ ഏഴര പവന്റെ രണ്ട് മാലകൾ ബലമായി പൊട്ടിച്ചെടുക്കുകയും തടയാൻചെന്ന കേശവനെ പ്ലാസ്റ്റിക് കസേര കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കേശവന്റെ അയൽവാസിയും മൂന്നാംപ്രതിയുമായ രമേശിന്റെ ഓട്ടോറിക്ഷയിലാണ് പ്രതികൾ സംഭവ സ്ഥലത്തെത്തിയത്. ഒന്നാംപ്രതി ജയൻ, രണ്ടാം പ്രതി അനീഷ് എന്നിവരാണ് വീട്ടിൽ കയറി കൃത്യം നടത്തിയത്. രമേഷ് ഈ സമയം ഓട്ടോറിക്ഷയിൽ പുറത്ത് കാത്തുനിൽക്കുകയും സംഭവശേഷം ഉടൻതന്നെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സീനയാണ് ശിക്ഷവിധിച്ചത്. ടൗൺ സൗത്ത് പോലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ഇ.ലത ഹാജരായി.