പാലക്കാട്: നഗരത്തിലെ മാലിന്യം പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ ഇന്ന് നിരീക്ഷണ സമിതി രൂപീകരണയോഗം നടക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ പറഞ്ഞു. യോഗത്തിന് ശേഷം എല്ലാ പ്രശ്‌നങ്ങൾക്കും തീരുമാനമാകുമെന്നും മാലിന്യം നീക്കം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിക്കു പുറമെ പാലക്കാട് നഗരസഭ, കൊടുമ്പ് പഞ്ചായത്ത് അധികൃതർ, നഗരകാര്യ വകുപ്പ് ഡയറക്ടർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ.ബാലൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായത്. വൈസ് ചെയർമാന് പുറമെ പൊതുമരാമത്ത് സ്‌ററാന്റിംഗ് കമ്മററി ചെയർമാൻ അബ്ദുൾ ഷുക്കൂർ,നഗരസഭസെക്രട്ടറി രഘുരാമൻ,എക്‌സിക്യൂട്ടീവ് എൻജീനിയർ സ്വാമിദാസ്, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, പഞ്ചായത്ത് സെക്രട്ടറി എന്നിവരും തിരുവനന്തപുരത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ശുചീകരണ സംവിധാനങ്ങൾ പരിശോധിക്കാൻ മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആദ്യ നീരിക്ഷണസമിതി യോഗം ചേരുന്നത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബയോ ബിൻ സംവിധാനം ഏർപ്പെടുത്തും. പ്രളയ സമയത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.