ചിറ്റൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ പരമ്പരാഗത കള്ള് വ്യവസായ മേഖലയായ ചിറ്റൂർ വ്യാജ കള്ള് നിർമ്മാണത്തിലേക്ക് വഴിമാറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നാണ് കള്ള് കൊണ്ടുപോകുന്നത്. എക്സൈസ് റേഞ്ച് അധികൃതരുടെ ഒത്താശയോടെയാണ് വ്യാജ കള്ള് ഒഴുകുന്നത്. കഴിഞ്ഞദിവസം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പിടികൂടിയ സ്പിരിറ്റ് കടത്തിലെ പ്രതി തത്തമംഗലം സ്വദേശി മണിയുടെ വെളിപ്പെടുത്തൽ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

കേസിലെ രണ്ടാം പ്രതി അത്തിമണി അനിൽ ചിറ്റൂരിലെ വ്യാജകള്ള് മാഫിയയിലെ പ്രധാനിയാണ്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഇയാൾക്ക് രാഷ്ട്രീയത്തിലും എക്‌സൈസിലും പൊലീസിലുമുള്ള സ്വാധീനം കാരണം നടപടിയെടുക്കാൻ അധികൃതർ തയ്യാറാകില്ല. കാസർഗോഡ് മുതൽ കൊല്ലം വരെയുള്ള കള്ള് കടത്ത് പെർമിറ്റുകൾ ഭുരിഭാഗവും അനുവദിക്കാൻ ഇയാൾ ശുപാർശ ചെയ്യണം. പെർമിറ്റുകൾ ലഭിച്ചാൽ ഇവർ പറയുന്ന സ്ഥലത്തെത്തി വ്യാജകള്ള് എടുത്ത് കൊണ്ടുപോകണം എന്നതാണ് ഇവരുടെ നിർദ്ദേശം, അനുസരിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തും എന്നാണ് പ്രതി വെളിപ്പെടുത്തിയത്. പെർമിറ്റ് ലഭിക്കാൻ എക്‌സൈസ് വകുപ്പിൽ ഹാജരാക്കുന്ന വൃക്ഷക്കരം അപേക്ഷകളിലെ ചെത്ത് തൊഴിലാളികളുടെ പേരുകൾ തന്നെ പലതും വ്യാജമായിരിക്കും. വൃക്ഷക്കരം മാത്രം അടച്ചാൽമതി തെങ്ങുകൾ ചെത്തണമെന്നില്ല. ചെത്തുതൊഴിലാളികൾ വേണ്ട. കൃത്രിമകള്ള് നിർമ്മിക്കുന്ന തോപ്പുകളിൽ കള്ള് കയറ്റാനുള്ള വണ്ടികൾ എത്തിയാൽ മതി. പുലർച്ചെ കള്ള് തയ്യാറായിരിക്കും. വീര്യത്തിനായി ആവശ്യത്തിനു സ്പിരിറ്റും. നൂറ് ലിറ്ററിന് ഏഴ് ലിറ്റർ സ്പിരിറ്റ്. ലഹരി ചേർത്ത കള്ളിന്റെ വില്പന പൊടിപൊടിക്കും.

കാൽലക്ഷം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് ആയിരത്തിൽ താഴെ മാത്രം. പേരിന്മാത്രമാണ് ജോലി ലഭിക്കുന്നതെന്ന് ചെത്ത് തൊഴിലാളി യൂണിയൻ നേതാക്കൾ തന്നെ പറയുന്നു. 1350 കള്ള് കടത്ത് പെർമിറ്റുകളാണ് വിവിധ ജില്ലകളിലേക്ക് എക്‌സൈസ് വകുപ്പ് ഈ സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ളത്. ഏകദേശം രണ്ടു ലക്ഷം ലിറ്റർ കള്ള് കൊണ്ടുപോകുന്നതിനുള്ള പെർമിറ്റാണ് നൽകിയിട്ടുള്ളത്. ഉത്പാദനം അനുസരിച്ച് പെർമിറ്റ് നൽകുന്ന കാര്യം അധികൃതർ പാലിക്കാറില്ല. ഇത്തവണത്തെ വരൾച്ച കാരണം തെങ്ങുകൾ ഭൂരിഭാഗവും ചെത്തിയിട്ടില്ല. ഉത്പാദന കുറവുമൂലം പലരും തൊഴിലുപേക്ഷിച്ചു. എന്നാൽ, അതേ പെർമിറ്റുകളിൽ തുടർച്ചയായി പോകുന്ന കള്ള് എവിടെ നിന്നാണെന്നും പരിശോധിക്കാറില്ല. സാമ്പിൾ പരിശോധന ഫലം പോലും അട്ടിമറിക്കപ്പെടുന്ന രീതിയാണുള്ളത്. എക്‌സൈസ് വകുപ്പിന്റെ ഇത്തരത്തിലുള്ള സമീപനമാണ് ഈ മേഖലയിൽ വ്യാജമദ്യ നിർമ്മാണ മാഫിയയ്ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നത്.

ലൈസൻസികൾക്ക് നിശ്ചിത സംഖ്യ നൽകി വ്യാജകള്ള് ലോബികൾ തന്നെയാണ് വർഷങ്ങളായി ഷാപ്പുകൾ നടത്തുന്നത്. 2003 മുതൽ ഇതാണ് പതിവ്. സ്പിരിറ്റ് കേസിലെ പ്രധാനപ്രതി ഉൾപ്പെടെ പാർട്ടി ഭാരവാഹികൾ, അനുഭാവികൾ എന്നിവരുടെ ഗ്രൂപ്പുതന്നെ 34 കള്ളുഷാപ്പുകൾ നടത്തുന്നു.