മണ്ണാർക്കാട്: മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന പുതിയ വാഹനങ്ങൾക്കുള്ള ടി.പിയ്ക്ക് ദിവസങ്ങളെടുക്കുന്നതായി വാഹന ഉടമകൾ. രണ്ടാഴ്ചയായിട്ടും ടി.പി ലഭിക്കാതെ വാഹനങ്ങൾ നൽകാൻ കഴിയുന്നില്ലെന്ന് വാഹന ഡീലർമാരും. മണ്ണാർക്കാട് ആർ.ടി.ഒ ഓഫീസിനെ കുറിച്ച് നാട്ടുകാർക്ക് പരാതിയോടെ പരാതി. ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
എം.വി.ഐ, അസിസ്റ്റന്റ് എം.വി.ഐ എന്നീ പോസ്റ്റുകളിലാണ് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത്. ഇവരുടെ ജോലി കൂടി ജോയിന്റ് ആ.ർ.ടി.ഒ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നിലവിൽ വഹിക്കുന്നത്. ഇതിനുപുറമെ പുതിയ ഓഫീസ് സോഫ്റ്റ് വെയറായ വാഹൻ സോഫ്റ്റ് വെയറിന്റെ കടന്നുവരവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. പുതിയ സോഫ്റ്റ് വെയറിനെ കുറിച്ച് വേണ്ടത്ര പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു.

ഇക്കാരണത്താൽ ഓരോ കാര്യങ്ങൾ പൂർത്തിയാക്കാനും മണിക്കൂറുകൾ അധികം സമയമെടുക്കുന്നു. ഇതുമൂലം ഓഫീസ് പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് ഓഫീസിലെത്തുന്ന ആളുകളെ ദുരിതത്തിലാക്കുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും കഴിയാവുന്നത്ര വേഗത്തിൽ കാര്യങ്ങൾ ചെയ്ത് നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് ജോയിന്റ് ആർ.ടി.ഒ അനിൽ പറഞ്ഞു.